കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ കാർ തല്ലിത്തകര്‍ത്ത കേസില്‍ ആരോപണവുമായി മുൻ മേയർ ടോണി ചമ്മിണി. കുറ്റസമ്മതം നടത്താൻ ഒന്നാം പ്രതി ജോസഫിന് മേൽ പൊലീസ് സമ്മർദമുണ്ടായെന്ന് ടോണി ചമ്മിണി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിനായി ഒരു മന്ത്രി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെന്നും ടോണി ചമ്മിണി പറയുന്നു.
ജോജു ജോര്‍ജിന്‍റെ കാർ തല്ലിത്തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾ ഇന്നലെ വൈകിട്ടാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കാറിനുണ്ടായ നഷ്ടത്തിന്‍റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചത്.
ഇതനുസരിച്ച് ഒരാൾ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും വേണം. അതേസമയം, രണ്ടാം പ്രതി ജോസഫിന്റെ ജാമ്യാപേക്ഷയിൽ കൂടുതൽ വാദം കേൾക്കാൻ 12 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.