ചെന്നൈ: കൊറോണ ഡ്യൂട്ടിക്കിടെ വനിതാ സഹപ്രവർത്തകരെ പീഡിപ്പിച്ച രണ്ട് സർക്കാർ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ എസ്. വെട്രിസെൽവൻ (35), എൻ. മോഹൻരാജ് (28) എന്നിവരാണ് പിടിയിലായത്. ഇരുവരും വ്യത്യസ്ത കേസുകളിലാണ് അറസ്റ്റിലായത്.
ആശുപത്രിയിൽ കൊറോണ ഡ്യൂട്ടി നോക്കുന്ന ഡോക്ടർമാരെ ഐസൊലേഷൻ പ്രോട്ടോകോളിന്റെ ഭാഗമായി ടി. നഗറിലെ സ്വകാര്യ ഹോട്ടലിലാണ് സമ്പർക്കവിലക്കിൽ താമസിപ്പിക്കുന്നത്. ഇത്തരത്തിൽ ഹോട്ടലിൽ താമസിക്കേണ്ടി വന്നപ്പോഴാണ് വനിതാ ഡോക്ടർമാർക്കുനേരേ പ്രതികൾ ലൈംഗികാതിക്രമം നടത്തിയത്.
വ്യത്യസ്ത സംഭവങ്ങളിലായി വനിതാ ഡോക്ടർമാരുടെ മുറികളിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു.
സംഭവങ്ങളെക്കുറിച്ച് വനിതാ ഡോക്ടർമാർ ഇരുവരും ആശുപത്രി ഡീനിന് വെവ്വേറെ പരാതി നൽകിയിരുന്നു. ജോലിസ്ഥലത്തെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ പരാതികൾ ശരിയാണെന്ന് കണ്ടെത്തിയതോടെ അവ പോലീസിന് കൈമാറി. തുടർന്നാണ് തേനാംപേട്ട പോലീസ് വെട്രിസെൽവനെയും മോഹൻരാജിനെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.