പുരുഷന്മാരുടെ വിവാഹ പ്രായം 18 ആക്കി കുറയ്‌ക്കുകയാണ് വേണ്ടത്;ഫാത്തിമ തഹ്ലിയ

December 17, 2021
145
Views

കൊച്ചി : രാജ്യത്ത് പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറയ്‌ക്കുകയാണ് വേണ്ടതെന്ന് എംഎസ്എഫ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയ. ദേശീയ ലോ കമ്മീഷന്റെ കണ്‌സൽറ്റേഷൻ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18 നിന്നും 21 ആക്കി ഉയർത്താനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് ഫാത്തിമയുടെ പരാമർശം.

18നും 20നും ഇടയിലുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോരുത്തർക്കും അത് വ്യത്യസ്തമായിരിക്കും. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുകയെന്നും ഫാത്തിമ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പെൺകുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സിൽ തന്നെ അവർ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലർക്കത് 18 ആവാം, മറ്റു ചിലർക്ക് അത് 28 ആവാം, വേറെ ചിലർക്ക് 38 ആവാം.

പ്രായപൂർത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക.

ഇത് പറയുമ്പോളൊരു മറുചോദ്യം ഉണ്ടാകും. 18 മുതൽ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചത് അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമല്ലെ എന്ന്. തീർച്ചയായും അതെ. പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്‌ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്‌സൽറ്റേഷൻ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *