തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം വള്ളം മുങ്ങി അപകടത്തിൽപ്പെട്ടു. അഞ്ചുതെങ്ങ് പണയിൽക്കടവിലാണ് സംഭവം.
അപകടത്തിൽ ഒരു പോലീസുകാരനെ കാണാതായി. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവിനെയാണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന സി.ഐ.യെയും മറ്റൊരു പോലീസുകാരനെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ബാലുവിനെ കണ്ടെത്തിയത്.
പോത്തൻകോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പോലീസ് സംഘമാണ് വള്ളം മുങ്ങി അപകടത്തിൽപ്പെട്ടത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഒരു സി.ഐ.യും രണ്ട് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തിൽ തുരുത്തിലേക്ക് നീങ്ങിയത്. എന്നാൽ ഇവർ യാത്രചെയ്തിരുന്ന വള്ളം കായലിൽ മുങ്ങിപ്പോവുകയായിരുന്നു.
പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാൾക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളിൽ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.