ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു: അക്രമം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ

December 19, 2021
328
Views

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന് നാല്‍പ്പത് വയസായിരുന്നു. ഇന്ന് പുലർച്ചെ പ്രഭാതസവാരിക്കിടെ ഒരു സംഘമെത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു.

ആലപ്പുഴ നഗരഭാഗമായ വെള്ളകിണര്‍ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് ഈ കൊല നടന്നത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്‍റ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *