ആലപ്പുഴ: സോഷ്യല്‍ മീഡിയ വഴി പ്രകോപനവും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുഹമ്മദ് രിഫയ്ക്കെതിരെ കേസെടുത്ത് പോലീസ്.
ഹിന്ദു ഐക്യവേദി ജില്ലയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ വെച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവെച്ചതിനാണ് മുഹമ്മദ് രിഫയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
തില്ലങ്കേരിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് പ്രകോപനവും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയെന്നാരോപിച്ചാണ് കൂത്തുപറമ്ബ് പോലിസ് കേസെടുത്തിരിക്കുന്നത്. ഷാനെ കൊലപ്പെടുത്തുന്നതിന് പ്രേരണ നല്‍കുന്ന തരത്തില്‍ വത്സന്‍ തില്ലങ്കേരി പ്രസംഗിച്ചുവെന്നും ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് രിഫ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് കേസ്. അതേസമയം, പോലിസിന്റെ നടപടിക്കെതിരേ വിമര്‍ശനം ശക്തമാണ്.
ഷാനെ കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയ തില്ലങ്കേരിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ രംഗത്ത് വന്നിരുന്നു. കെ. സുരേന്ദ്രനും വത്സന്‍ തില്ലങ്കേരിയും വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയെന്നും ഇവരെ ജയിലിലടയ്ക്കണം എന്നുമായിരുന്നു എസ്.ഡി.പി.ഐ ആവശ്യപ്പെട്ടത്.