രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. കേരളം ഉള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്. രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 400 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7189 കൊവിഡ് കേസുകള്‍ ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 108 പേര്‍ക്ക് കൂടി കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ ആകെ എണ്ണം 415 ആയി.
രോഗ വ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആണ് പ്രത്യേക സംഘത്തെ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയക്കുന്നത്. കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളില്‍ എത്തുന്ന സംഘം 3 മുതല്‍ 5 ദിവസം സംസ്ഥാനങ്ങളില്‍ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മിസോറം, കര്‍ണാടക, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.
വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങള്‍, രോഗ വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ എന്നിവയാണ് കേന്ദ്ര സംഘത്തിന്റെ ലക്ഷ്യം. 108 ഒമൈക്രോണ്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍. ദില്ലി 79, ഗുജറാത്ത് 43, തെലങ്കാന 38, കേരളം 37, തമിഴ്‌നാട് 34, കര്‍ണാടക 31 എന്നിങ്ങനെ ആണ് പട്ടികയില്‍ ബാക്കിയുള്ള സംസ്ഥാനങ്ങള്‍. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 387 മരണങ്ങള്‍ കൊവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ചു. 7286 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.