രാഹുൽ ഗാന്ധി എംപിയെ കാൺമാനില്ലെന്ന ആക്ഷേപഹാസ്യ പോസ്റ്ററുമായി ബിജെപി. ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്റർ പാർട്ടിയുടെ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയിലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് എംപിക്കെതിരെ പരിഹാസം നിറഞ്ഞ പോസ്റ്ററുമായി ബിജെപി രംഗത്തെത്തിയത്. മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു എന്നാണ് പോസ്റ്ററിൽ പറയുന്നത്. 51 വയസുകാരനായ രാഹുൽ ഗാന്ധി എംപിയെ കാൺമാനില്ലെന്നും അവസാനമായി കണ്ടത് ബാങ്കോക്കിൽ ആണെന്നും പോസ്റ്ററിൽ പറയുന്നു.
അതേസമയം, ഇറ്റലിയിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനാണ് രാഹുല്‍ തിരിച്ചത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. രാഹുലിന്റെ യാത്ര സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ രാഹുല്‍ വിദേശ സന്ദര്‍ശനത്തിലായതിനാല്‍ പഞ്ചാബിലെ മോഗയില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് റാലി മാറ്റിവച്ചേക്കും എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് പറയുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ രാഹുല്‍ നടത്തുന്ന വിദേശ സന്ദര്‍ശനം ബിജെപി അടക്കം പ്രചാരണം ആയുധമാക്കുന്നുണ്ട്.