സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല, ചെന്നിത്തലയുടേത് തെറ്റായ ആരോപണം; ആര്‍. ബിന്ദു

December 31, 2021
111
Views

തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രപതിക്കുള്ള ഡിലിറ്റ് ശിപാര്‍ശ സര്‍ക്കാര്‍ തടഞ്ഞിട്ടില്ല. ഡിലിറ്റ് തീരുമാനിക്കുന്നത് സര്‍വകലാശാലയാണെന്ന് ആര്‍. ബിന്ദു പറഞ്ഞു. ഓണററി ബിരുദം നല്‍കല്‍ സര്‍വകലാശാലയുടെ സ്വയംഭരണവകാശമാണ്. ചെന്നിത്തലയുടേത് തെറ്റായ ആരോപണമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

വി.സി നിയമന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് തെറ്റാണെന്ന് ഗവര്‍ണര്‍ പലതവണ പറഞ്ഞെന്നും കത്തെഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. എന്നിട്ടും ഗവര്‍ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ ചാന്‍സലര്‍ പദവിയൊഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും സര്‍ക്കാരിനും കൂടുതല്‍ തെറ്റ് ചെയ്യാന്‍ അവസരമൊരുക്കുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

ചാന്‍സലര്‍ പദവിയൊഴിയുകായാണെന്ന് കാണിച്ച് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കണ്ണൂര്‍, കാലടി സര്‍വകാലശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ തീരുമാനം. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് തന്റെ ഓഫീസിന് നിര്‍ദേശം നല്‍കിയെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ധാര്‍മികതയ്ക്ക് നിരക്കാത്തത് പലതും ചെയ്‌തെന്നും ഇനിയും തെറ്റ് തുടരാന്‍ വയ്യെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞിരുന്നത്.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാറിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നുമായിരുന്നു ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നത്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *