ന്യൂഡല്‍ഹി: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ സംഘം. മോശം കാലാവസ്ഥയാണ് സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെ 14 പേരുടെ മരണത്തിന് കാരണം എന്നാണ് വ്യോമസേന നിയോഗിച്ച അന്വേഷ സംഘം കണ്ടെത്തിയിരിക്കുന്നത്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ അപകട കാരണം മോശം കാലാവസ്ഥയെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അപകട സമയത്ത് പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായി പ്രദേശവാസികളും അന്ന് തന്നെ വെളിപ്പെടുത്തിയിരുന്നു.
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണമാണ് പൂര്‍ത്തിയായിരിക്കുന്നത്. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും എന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ മാസം എട്ടിന് വ്യോമസേനയുടെ എം ഐ 17വി 5 ഹെലികോപ്‌ടറാണ് അപകടത്തില്‍ പെട്ടത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്‌ടറിലുണ്ടായിരുന്നത്. ഇവരെല്ലാം തന്നെ അപകടത്തില്‍ മരിച്ചിരുന്നു.
വെല്ലിങ്ടണ്‍ ഡിഫന്‍സ് കോളേജില്‍ 2.45ന് സൈനിക കേഡറ്റുകളോട് സംവദിക്കുന്നതിനായാണ് 11.45ന് സുളൂര്‍ വ്യോമതാവളത്തില്‍ നിന്നും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് വെല്ലിങ്‌ടണിലേക്ക് പുറപ്പെട്ടത്. 12.20 വെല്ലിങ്‌ടണ്‍ ഹെലിപാഡില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാല്‍ 10 കിലോ മീറ്റര്‍ മാത്രം മാറി കുനൂര്‍ കട്ടേരിക്ക് സമീപം ഒരു ഫാമില്‍ ചോപ്പര്‍ തകര്‍ന്നു വീഴുകയായിരുന്നു.