കോവളത്ത് മദ്യവുമായി എത്തിയ വിദേശിയെ തടഞ്ഞ സംഭവം; ഗ്രേഡ് എസ്‌ഐക്ക് സസ്പെന്‍ഷന്‍

January 1, 2022
128
Views

തിരുവനന്തപുരം: കോവളത്ത് മദ്യവുമായി പോകുമ്ബോള്‍ സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്പെന്‍ഷന്‍.കോവളം സ്റ്റേഷനിലെ ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നും പരിശോധിക്കും.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പി സംഭവം അന്വേഷിക്കും. കോവളത്ത് മദ്യവുമായി പോകുമ്ബോള്‍ സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം വിവാദമായതോടെ തിരുവനന്തപുരം ഡിസിപി റിപ്പോര്‍ട്ട് തേടി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പി സംഭവം അന്വേഷിക്കും. നാലുവര്‍ഷമായി കേരളത്തില്‍ ടൂറിസം രംഗത്ത് താന്‍ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ നാട്ടുകാരില്‍ നിന്നും പോലീസില്‍ നിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും സ്റ്റീവ് വിശദീകരിച്ചു.

പുതുവത്സരാഘോഷത്തിന് മുന്നോടിയായി കോവളത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിഷേധവുമായി സ്വീഡിഷ് പൗരന്‍ രംഗത്തെത്തിയത്. ന്യൂ ഇയറിന് മിന്നിക്കാന്‍ 3 കുപ്പി മദ്യവുമായി തിരുവനന്തപുരത്തെ ഹോം സ്റ്റേയിലേക്ക് വരികയായിരുന്നു സ്റ്റീവ്. അപ്പോള്‍ ദാ മുന്നില്‍ നില്‍ക്കുന്നു നമ്മുടെ പോലീസ്. പരിശോധനയില്‍ സ്റ്റീവിന്റെ സ്കൂട്ടറില്‍ മൂന്ന് കുപ്പി മദ്യം. ബില്ലെവിടെയെന്ന് പോലീസ്. ബിവറേജില്‍ നിന്നും ബില്ല് വാങ്ങാന്‍ മറന്നെന്ന് പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് പറഞ്ഞു. എന്നാല്‍, കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളഞ്ഞു. സഹികെട്ട് സ്റ്റീവ് തന്റെ കൈയില്‍ ഉണ്ടായിരുന്ന രണ്ട് കുപ്പി മദ്യം പോലീസുകാരുടെ മുന്നില്‍ വെച്ച്‌ തന്നെ പൊട്ടിച്ച്‌ സമീപത്തുള്ള കുറ്റികാട്ടില്‍ ഒഴിച്ച്‌ കളഞ്ഞു.

ആരോ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ട പോലീസ് പറഞ്ഞത് നേരെ തിരിച്ചു. ബില്ല് വാങ്ങി വരാനും മദ്യം കളയേണ്ടന്നും ആണ്‍ പോലീസ് പിന്നീട് പറഞ്ഞത്. ഇനിയാണ് മലയാളി കണ്ടു പഠിക്കേണ്ട സ്റ്റീവിന്റെ പൗര ബോധം. മദ്യം പൊട്ടിച്ച്‌ കളഞ്ഞെങ്കിലും പ്ലാസ്റ്റിക് കുപ്പി സ്റ്റീവ് ബാഗില്‍ തന്നെ സൂക്ഷിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പിന്നീട് ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി. പോലീസിനോട് തനിക്ക് ഒരു പരാതിയും ഇല്ലെന്ന് സ്റ്റീവ് പറയുന്നു.എല്ലാം ഒരു തമാശ. രണ്ട് ഫുള്ള് പോയിക്കിട്ടിയതില്‍ ചെറിയൊരു സങ്കടം മാത്രമാണുള്ളതെന്നും സ്റ്റീവ് പറഞ്ഞു. സംഭവം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച്‌ നടപടിയെടുക്കും. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം. സര്‍ക്കാരിന് അള്ള് വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ടൂറിസത്തിന് തിരിച്ചടിയാകുമെന്നും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

Article Categories:
Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *