ചെന്നൈ: തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപമുള്ള പടക്കശാലയില്‍ സ്‌ഫോടനം. അഞ്ച് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം തൊഴിലാളികളുള്ള പടക്ക നിര്‍മാണശാലയാണ് ഇത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് ആര്‍.കെ.വി.എം പടക്ക ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് ഇത് വലിയ സ്ഫോടനത്തിലേക്ക് നയിക്കുകയായിരുന്നു. തീപിടിത്തത്തില്‍ ഏഴ് വെയര്‍ഹൗസുകളും ഷെഡുകളും പൂര്‍ണമായും കത്തിനശിച്ചു. വലിയ തോതിലുള്ള പടക്കനിര്‍മാണ ശേഖരമുള്ള വെയര്‍ഹൗസുകളാണ് കത്തിനശിച്ചത്.
രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയുണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്ന ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നറിയാന്‍ മുതിര്‍ന്ന റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ ഫാക്ടറിയിലെത്തിയിട്ടുണ്ട്.