ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുണ്ടായ ഒരു തിക്താനുഭവമാണിതെഴുതാൻ പ്രേരിപ്പിക്കുന്നത്. മാസങ്ങൾക്കു മുമ്പ് ഒരു Bike ആക്സിഡെന്റുണ്ടായി കൈക്കും മുഖത്തുമെല്ലാം പരിക്കുണ്ടായി. നടുവിരൽ ഒടിയുകയും അത് അടൂർ ജനറൽ ആശുപത്രിയിൽ തന്നെ ഓപ്പറേഷൻ മുഖേന ഭേതമാക്കി. എങ്കിലും വിരൽ മടങ്ങാത്ത ഒരവസ്ഥയുണ്ടായതിനാൽ അതിനു കൂടുതൽ സൗകര്യമുള്ള പത്തനംതിട്ട GH -ൽ വന്നതായിരുന്നു.
OP ടിക്കറ്റെടുത്ത് ഡോക്ടറെ കാണാൻ (PM R) വരാന്തയിൽ നിന്നു. ഞാനും ഭാര്യയുമുണ്ടായിരുന്നു. അര മുക്കാൽ മണിക്കൂർ നിന്നപ്പോൾ ഒരു വല്ലായ്മ തോന്നിയതിനാലും ഭാര്യയുടെ കാലിൽ ചില പ്രശ്നങ്ങളുള്ളതിനാലും അടുത്തു കണ്ട ഒരു ബഞ്ചിൽ ഞങ്ങൾ ഇരുന്നു. പെട്ടെന്ന് ” എണീക്കാൻ ” എന്നു പറഞ്ഞു കൊണ്ടുള്ള ഒരു അട്ടഹാസം കേട്ട് ഞങ്ങൾ അറിയാതെ എഴുന്നേറ്റുപോയി. സ്റ്റൈലായി അണിഞ്ഞൊരുങ്ങി ആശാ പ്രവർത്തകയുടെ ഒരു ടാഗും കഴുത്തിലണിഞ്ഞ ഒരു സ്ത്രീയായിരുന്നു അത്. കാരണം എന്തെന്നു വച്ചാൽ അവരുടെ ബാഗു വയ്ക്കുന്ന ബഞ്ചാണു പോലും ! സത്യത്തിൽ പൊതുജനങ്ങൾക്കിരിക്കാനുള്ള ബഞ്ചു തന്നെയായിരുന്നു അത്. ഇവരുടെ മട്ടും ഭാവവും അവിടെത്തെ സൂപ്രണ്ടിനേക്കാൾ വല്യ പുള്ളിയാണെന്നുള്ള രീതിയിലായിരുന്നു. അവരുടെ സംസാരവും ഇടപെടീലും മര്യാദയുടെ സകല സീമകളും ലംഘിച്ചു കൊണ്ടായിരുന്നു.
62 വയസുള്ള ആളാണു ഞാൻ (Senior citizen ) . ഒരാശുപത്രിയിൽ വന്നാൽ ഒന്നിരിക്കാൻ പോലുമുള്ള സൗകര്യമോ സാഹചര്യമോ ഇല്ലെങ്കിൽ പിന്നെ അധികാരികൾ എന്തു കടമയാണ് നിർവ്വഹിക്കുന്നത്. ഇത്തരം ആശാ വർക്കർമാരെ പിരിച്ചു വിടുകയും ജന സേവന തല്പരരായവരെ നിയമിക്കുകയും വേണം. ആ സ്ത്രീയുടെ കൂടെ നിന്ന മറ്റ് ആശമാർ കുഴപ്പമില്ലായിരുന്നു.
മുതിർന്ന പൗരന്മാരെ മാനിക്കുകയും അവർക്കു വേണ്ട സൗകര്യങ്ങൾ എല്ലായിടവും ഒരുക്കുകയും വേണം. വിശിഷ്യാ ആശുപത്രികളിൽ പ്രത്യേക OP കൗണ്ടർ ഈ വിഭാഗത്തിനു വേണ്ടി തുറക്കുകയും വേണം.
സർക്കാർ എത്ര നല്ല കാര്യങ്ങൾ കൊണ്ടുവന്നാലും ഇത്തരത്തിലുള്ള ഞാഞ്ഞൂലുകൾ എല്ലാം നിഷ്പ്രഭമാക്കി തീർക്കും. ആരോഗ്യമന്ത്രിയുടെ സ്വന്തം നാടു കൂടിയാണ് പത്തനംതിട്ടയെന്നുള്ളത് ഏറെ വിചിത്രം!