വാളയാർ കേസ്: മുഖ്യ പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി തള്ളി

January 6, 2022
237
Views

കൊച്ചി: വാളയാറിൽ ദളിത് സഹോദരിമാർ മരിച്ച കേസിൽ മുഖ്യ പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി തള്ളി. വി. മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിൾ ബഞ്ച് തള്ളിയത്. പ്രതികൾക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വാളയാറിൽ പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികൾ പീഡനത്തിരയായി ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതികളാണ് മധുവും ഷിബുവും. കേസിൽ മുഖ്യ സാക്ഷികളുടെ അടക്കം ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച കോടതി ജാമ്യം നൽകണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. പാലക്കാട് പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. 2017 ജനുവരി പതിമൂന്നിന് മൂത്ത പെൺകുട്ടിയെയും രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ പെൺകുട്ടിയെയും ഇവർ താമസിച്ചിരുന്ന സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2019ൽ പാലക്കാട് പോക്‌സോ കോടതി നാല് പ്രതികളെ വെറുതെ വിട്ടെങ്കിലും മരിച്ച കുട്ടികളുടെ അമ്മയും സർക്കാരും നൽകിയ അപ്പീലിൽ വിചാരണ കോടതി വിധി റദ്ദാക്കുകയും പുനർ വിചാരണയ്‌ക്ക് ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. പ്രതികളുടെ ശാരീരിക പീഡനം മൂലം പെൺകുട്ടികൾ ആത്മഹത്യ ചെയ്തുവെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *