കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ കുടുംബ ചിത്രം വനിത മാഗസിനില്‍ കവര്‍ ഫോട്ടോ ആയി വന്നതിനെ പിന്തുണച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. വനിതയില്‍ ദിലീപിന്റെ കുടുംബ ചിത്രം കവര്‍ ഫോട്ടോ ആയി വരുന്നതിനെതിരെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. സഹപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഒരാളെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തില്‍ വെള്ളപൂശുന്നെന്നായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ വിമര്‍ശനം.
എന്നാല്‍ മാമാട്ടിയെന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തില്‍ കാണാനാവുന്നുള്ളൂയെന്നായിരുന്നു സാന്ദ്ര തോമസിന്റെ ഫേസ്ബുക്കിലെ കുറിപ്പ്. ‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു.’നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ എഴുതിയത്.
എന്നാല്‍ സാന്ദ്രയുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ആ കുഞ്ഞിനെ ആരും ഒന്നും പറഞ്ഞില്ലെന്നും ഒരു സ്ത്രീയെ അതും സഹപ്രവര്‍ത്തകയായ ഒരു സ്ത്രീയെ കൊട്ട്വേഷന്‍ കൊടുത്ത് ലൈംഗികമായി ആക്രമിച്ച ഒരു വ്യക്തിയെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു മാഗസിനില്‍ കവര്‍ സ്റ്റോറിയായി അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നും സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.
സാന്ദ്രയുടെ പോസ്റ്റിനെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും രംഗത്ത് എത്തി. തനിക്കീ ചിത്രത്തില്‍ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രിമിനല്‍ ഗൂഢാലോചന നടത്തി അത് പ്രാവര്‍ത്തികമാക്കിയ ഒരു ക്രിമിനലിനെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഒപ്പം ഈ ചിത്രം കാണുമ്പോള്‍ ‘കനല്‍വഴികള്‍ താണ്ടി’യെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോള്‍ നെഞ്ച് പൊള്ളുന്ന മറ്റൊരു പെണ്‍കുട്ടിയേയും കാണാന്‍ പറ്റുന്നുണ്ടെന്നായിരുന്നു ദീപ നിശാന്ത് കമന്റായി എഴുതിയത്.