ചുരുളിക്ക് പ്രശ്‌നമുണ്ടോ ?; സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തി ഹൈക്കോടതി

January 7, 2022
249
Views

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജിയില്‍ ഡി.ജി.പിയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒ.ടി.ടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ആണ് ഹരജി പരിഗണിച്ചത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നും കോടതി പറഞ്ഞു. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹരജി പരിശോധിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഹരജിയില്‍ സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടന്‍ ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.

സര്‍ട്ടിഫൈ ചെയ്ത കോപ്പിയല്ല ഒ.ടി.ടി യില്‍ വന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് ‘ചുരുളി’ക്കു നല്‍കിയതെന്നും എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ ഒ.ടി.ടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും വ്യക്തമാക്കി നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു

സോണിലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത് സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി. അറിയിച്ചത്.

ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സി.ബി.എഫ്.സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.

മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സി.ബി.എഫ്.സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *