കോട്ടയം: പാലാ ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ടിരുന്ന ബസിൽ 13 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ (31) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്ത ബസ് ഡ്രൈവർ കട്ടപ്പന ലബ്ബക്കട കൽത്തൊട്ടി കൊല്ലംപറമ്പിൽ എബിനും (35) പിടിയിലായി. ഇവരുടെ സുഹൃത്തായ കണ്ടക്ടർ ഒളിവിലാണ്.
പ്രണയം നടിച്ച് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയെ, വിവാഹിതനായ കണ്ടക്ടർ ഇക്കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ കഴിഞ്ഞ് വിദ്യാർഥിനി അഫ്സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എത്തി. പനിയാണെന്നു പറഞ്ഞ് അഫ്സൽ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തി. അഫ്സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താൽ മുടക്കി. പിന്നീട് പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടർ താഴ്ത്തി പുറത്തു പോയി.
ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയമാക്കി. എസ്ഐ എം.ഡി.അഭിലാഷ്, എഎസ്ഐമാരായ ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, സിപിഒമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.