വാഹനങ്ങളുടെ ടയർ കറുപ്പ് ആയിരിക്കുന്നത് എന്ത്കൊണ്ട്

January 19, 2022
120
Views

പ്രധാനമായി രണ്ടു തരം ടയറുകൾ ആണ് നമ്മൾ ഉപയോഗിക്കുന്നത്. ഒന്ന് ലോഹം കൊണ്ട് നിർമ്മിച്ചവയും രണ്ടാമത്തേത് റബർ കൊണ്ടു നിർമ്മിച്ചവയും. മിനുസമുള്ള ഉരുക്കു പാളത്തിലൂടെ സഞ്ചരിക്കുന്ന തീവണ്ടി ബോഗിയിലെ ചക്രത്തിലുള്ള ടയർ ഇരുമ്പോ ഉരുക്കോ കൊണ്ട് നിർമ്മിച്ചവയാണ്. പ്രതിരോധശേഷി, ഈടുറപ്പ് മുതലായവയാണ് ലോഹ ടയറിന്റെ പ്രധാന ഗുണങ്ങൾ. അതേസമയം, ഓട്ടോമൊബൈൽ, വിമാനം, സൈക്കിൾ എന്നിവയ്ക്ക് തറയിലൂടെ സുഗമമായി സഞ്ചരിക്കുന്നതിന് ഉയർന്ന തോതിലുള്ള ഘർഷണം ലഭിക്കേണ്ടതുണ്ട്. ഉയർന്ന ഘർഷണം നൽകുന്നതോടൊപ്പം ചെറിയ രീതിയിലുള്ള ആഘാതങ്ങളേയും അതിജീവിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വാഹനങ്ങളിൽ റബ്ബർ ടയർ ഉപയോഗിക്കുന്നത്.

ആദ്യ കാലങ്ങളിൽ വാഹനങ്ങൾക്ക് ഉപയോഗിച്ചിരുന്ന ടയറുകൾ വെളുത്ത നിറത്തിൽ ഉള്ളവയായിരുന്നു. എന്നാൽ, ആ ടയറുകൾക്ക് തേയ്മാനം വളരെ വേഗത്തിൽ ബാധിച്ചിരുന്നു. ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇടുറപ്പുള്ള തയാറുകളാണല്ലോ വേണ്ടത്, അതുകൊണ്ട് തന്നെ വെളുത്ത നിറത്തിലുള്ള ഉപയോഗക്ഷമത കുറഞ്ഞ ടയറുകൾ ആളുകൾക്ക് തലവേദനയായി മാറി. അങ്ങനെ ടയറുകളുടെ ഈട് നിലനിർത്താൻ എന്ത് ചെയാം എന്ന ആലോചനയിൽ നിന്നാണ് റബ്ബറിൽ കാർബൺ ബ്ലാക്ക് ചേർക്കാം എന്ന നിഗമനം ഉണ്ടായത്. അങ്ങനെ ടയർ നിർമ്മാണത്തിൽ റബ്ബറിനൊപ്പം കാർബൺ ബ്ലാക്കും ചേർത്ത് തുടങ്ങി. കാർബൺ ചേർക്കുന്നതോടെ ടയറിന് കറുപ്പ് നിറം വന്നു തുടങ്ങി. മാത്രമല്ല, ടയറുകളുടെ തേയ്മാനം കുറയുകയും കൂടുതൽ കാലം നിലനിൽക്കാനും തുടങ്ങി.ഉരസൽ, അന്തരീക്ഷ ഓസോൺ പ്രതിപ്രവർത്തനം എന്നിവയെ അതിജീവിക്കേണ്ട ടയറിന്റെ പാർശ്വ ഭിത്തി നിർമ്മിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഉരസലിനെതിരെയുള്ള പ്രതിരോധശേഷി വർധിപ്പിക്കാൻ 50 ശതമാനം ബ്യുട്ടഡൈൻ റബർ, ടയറിലെ താപം നിയന്ത്രിക്കാൻ 50 ശതമാനം പ്രകൃതിദത്ത റബർ, 50 ശതമാനം കാർബൺ ബ്ലായ്ക്ക്, ചെറിയ അളവിലുള്ള പ്രോസസ്സിങ് എണ്ണ എന്നിവ ചേർത്താണ് പാർശ്വ ഭിത്തി പൊതുവേ നിർമ്മിക്കുന്നത്.

ടയറിന്റെ ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിൽ കാർബൺ ബ്ലാക്കിന് വലിയ പങ്കുണ്ട്. ടയറിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന താപത്തെ കാർബൺ പുറത്തേക്ക് തള്ളാൻ സഹായിക്കുന്നു. ഇത് ടയറുകളുടെ ബലക്ഷയം തടയും. കൂടാതെ അൾട്രാ വയലെറ്റ് രശ്മികളിൽ നിന്നും കാർബൺ ടയറിനെ സംരക്ഷിക്കുന്നു. ഓടുന്ന വാഹനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും കാർബൺ ചേർത്ത ടയർ നിർമ്മാണം ഉപകരിക്കുന്നുണ്ട്. പല രാജ്യങ്ങളിലും ചില പ്രത്യേക നിറങ്ങളിലുള്ള ടയറുകൾ കാണാം എങ്കിലും അവ മറ്റു ചില ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവയാണ്. സ്ഥിരമായി റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ ടയറുകൾ കറുത്ത നിറത്തിൽ തന്നെയാണ് നിർമ്മിക്കുന്നത്.

Article Categories:
Technology

Leave a Reply

Your email address will not be published. Required fields are marked *