ജനീവ: കൊറോണയുടെ പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് കുട്ടികൾക്ക് നൽകേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥൻ. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സിൻ നൽകേണ്ടതില്ല. മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്കും ആരോഗ്യപ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഏതൊക്കെ വിഭാഗത്തിനാണ് ബൂസ്റ്റർ ഡോസുകൾ കൂടുതലായി ആവശ്യം വരികയെന്ന് വിശദമായി പഠനം നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന പശ്ചാത്തലത്തിലാണ് സൗമ്യ സ്വാമിനാഥന്റെ പ്രതികരണം.
ഒമിക്രോണിന് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനതോത് വളരെ കൂടുതലാണ്. കൂടുതൽ ആളുകൾ രോഗബാധിതരാകുമ്പോൾ വൈറസിന് പുതിയ വകഭേദമുണ്ടാകാനുള്ള സാധ്യത ഉയരും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഒമിക്രോൺ കാരണമാകില്ലെന്ന് പറയാൻ കഴിയില്ലെന്നും രോഗികളുടെ എണ്ണം വർധിക്കുന്നത് ആശുപത്രികൾക്ക് ഉൾക്കൊള്ളാവുന്നതിന് മുകളിലേക്ക് എത്തുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.