കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും ഹൈക്കോടതി.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചതിൽ നിന്ന് അതിൽ ചില ഗുരുതരസ്വഭാവമുള്ള തെളിവുകളുണ്ട് എന്ന് കോടതി പറയുന്നു. അത് പ്രധാനപ്പെട്ടതാണ്. അന്വേഷണം തടയാനാകില്ലെന്നും, അന്വേഷണം സുഗമമായി, സംരക്ഷിക്കപ്പെട്ട് മുന്നോട്ട് പോകേണ്ടത് അത്യാവശ്യം ആണ് എന്നും- കോടതി നിരീക്ഷിക്കുന്നു.
എതിരായി കോടതിയുടെ പരാമർശം വന്നോടെ അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്ന് ദിലീപിന്‍റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. മുൻകൂർ ജാമ്യം കിട്ടിയേ തീരൂ എന്ന് വാദിച്ചിരുന്ന ദിലീപിന്‍റെ അഭിഭാഷകർ ഇപ്പോൾ അന്വേഷണത്തിനോട് സഹകരിക്കാമെന്ന നിലപാടിലാണ്. ദിവസവും അഞ്ചോ ആറോ മണിക്കൂർ അന്വേഷണവുമായി സഹകരിക്കാം.
രാവിലെ എട്ട് മണിക്ക് സ്റ്റേഷനിലെത്തി, വൈകിട്ട് 6 മണി വരെ അന്വേഷണവുമായി സഹകരിക്കാം. മുൻകൂർ ജാമ്യം നൽകണം. ഏതെങ്കിലും തരത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ജാമ്യവ്യവസ്ഥ ലംഘിക്കുകയോ ചെയ്താൽ ഹൈക്കോടതിക്ക് തന്‍റെ ജാമ്യം റദ്ദാക്കാമെന്നും ദിലീപ് കോടതിയിൽ അറിയിച്ചു.
എഫ്ഐആറിലെ ബാലചന്ദ്രകുമാറിന്‍റെ പല മൊഴികളും ആദ്യം എടുത്ത മൊഴിയിലില്ല എന്നും ഇത്തരം വൈരുദ്ധ്യങ്ങൾ വിശദമായി പരിശോധിക്കണം എന്നുമാണ് ദിലീപിന്‍റെ അഭിഭാഷകരുടെ വാദം.