രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ടി പി ആർ 17.78 ശതമാനമാണ്. 2.59 ലക്ഷം പേർ രോഗമുക്തി നേടി.മഹാരാഷ്ട്ര, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ നാൽപതിനായിരത്തിലധികം കൊവിഡ് കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കഴിഞ്ഞദിവസം 45,136 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകൾ ഓൺലൈനായി നടത്താം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകളും സര്‍വീസ് നടത്തും. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല, പാര്‍സല്‍ വാങ്ങണമെന്നാണ് നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ മാത്രമേ വര്‍ക് ഷോപ്പുകള്‍ തുറക്കാവൂ. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്. അതേസമയം, നാളെ കള്ള് ഷാപ്പുകള്‍ തുറക്കുമെങ്കിലും ബെവ്‌കോ ഔട്ട്ലെറ്റുകളും ബാറുകള്‍ പ്രവര്‍ത്തിക്കില്ല.തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അതേസമയം ഡൽഹിയിൽ പ്രതിദിന കേസുകൾ 11,000 ആയി കുറഞ്ഞിട്ടുണ്ട്.