പാലക്കാട്: സംസ്ഥാനത്ത് കൊറോണ നിയന്ത്രണം കര്‍ശനമാക്കിയതോടെ വിനോദ സഞ്ചാര മേഖല ദുരിതത്തിൽ. പാലക്കാട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു. മലമ്പുഴ ഡാമിൽ കഴിഞ്ഞ മാസം ദിവസേന പതിനായിരത്തിലധികം പേര് വന്ന സ്ഥാനത്ത് ഇപ്പോഴെത്തുന്നത് ആയിരത്തോളം പേര് മാത്രമാണ്. സഞ്ചാരികൾ കുറഞ്ഞതോടെ ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നവരും ദുരിതത്തിലായി.
കൊറോണ പ്രതിസന്ധിയിൽ നിന്നും പതിയെ കരകയറി വരികയായിരുന്നു ടൂറിസം മേഖല. പാലക്കാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലന്പുഴ ഡാമിൽ ക്രിസ്മസ് പിറ്റേന്ന് എത്തിയവർ പതിനയ്യായിരത്തിലധികം പേരാണ്. നാല് ലക്ഷത്തിലധികം രൂപ വരുമാനവും ലഭിച്ചു.
എന്നാൽ കൊറോണ നിയന്ത്രണങ്ങൾ കടിപ്പിച്ചതോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ചു. ഇപ്പോളെത്തുന്നത് ആയിരത്തോളം പേർ മാത്രം. ലഭിക്കുന്ന വരുമാനം അന്‍പതിനായിരം രൂപയും. ഒരു സമയം അന്‍പത് പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ആളുകളെത്തുന്നത് കുറഞ്ഞതോടെ ടൂറിസത്തെ ആശ്രയിച്ച് കഴിഞ്ഞ കച്ചവടക്കാരും പ്രതിസന്ധിയിലായി.
ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളായ നെല്ലിയാന്പതിയിലും, പറമ്പിക്കുളം, സൈലന്റ് വാലിയിലുമൊക്ക സ്ഥിതി വ്യത്യസ്തമല്ല. കൊറോണ കേസുകൾ ഉയര്‍ന്നാൽ വിനോദ സഞ്ചാരം നിലയ്ക്കുമോ എന്ന ആശങ്കയിലാണ് ടൂറസം മേഖല.