രാജ്യാന്തര യാത്രകള്‍ സുഗമമാക്കാന്‍ ഇ പാസ്പോര്‍ട്ട് വരുന്നു

February 1, 2022
111
Views

രാജ്യാന്തര യാത്രകള്‍ സുഗമമാക്കാനായി 2022-23 വര്‍ഷങ്ങളില്‍ ഇ പാസ്പോര്‍ട്ട് ലഭ്യമാക്കും. 2022ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇ പാസ്പോര്‍ട്ട് നിലവില്‍ വരുന്നതോടെ നടപടികള്‍ വേഗത്തിലാക്കി പാസ്പോര്‍ട്ടുകള്‍ പെട്ടെന്ന് ലഭ്യമാക്കാന്‍ അവസരമൊരുങ്ങും.

പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോര്‍ട്ടുകളാകും ലഭ്യമാക്കുക. ഐഡന്റിറ്റി വെരിഫിക്കേഷന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ഇ-പാസ്പോര്‍ട്ട് ബുക്ക്ലെറ്റുകളില്‍ ഒരു ഇലക്ട്രോണിക് ചിപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇ പാസ്‌പോര്‍ട്ടുകള്‍ റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന് (ആ.എഫ്.ഐ.ഡി) ഉപയോഗിക്കാനാകും. ഇ പാസ്‌പോര്‍ട്ട് എന്ന ആശയം ഇതാദ്യമായല്ല ചര്‍ച്ചയ്ക്ക് വരുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് 2019ല്‍ തന്റെ പ്രസംഗത്തില്‍ ഈ ആശയം ആദ്യമായി മുന്നോട്ട് വച്ചത്. ഡാറ്റയില്‍ ക്രിത്രിമത്വം കാട്ടുന്നത് തടയാനും പാസ്‌പോര്‍ട്ടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഇ പാസ്‌പോര്‍ട്ടുകളുടെ വരവ് സഹായിക്കും. ഇതിലൂടെ പൊലീസ് വെരിഫിക്കേഷനിലെ കാലതാമസം ഒഴിവാക്കാനും പാസ്‌പോര്‍ട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമേ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ കൂടി രാജ്യത്ത് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 75 ജില്ലകളിലാണ് ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കുക. ചെറുകിട സംരഭകര്‍ക്കുള്ള പദ്ധതികളുടെ പോര്‍ട്ടലുകള്‍ ഇന്റര്‍ലിങ്ക് ചെയ്യാനും രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ബാങ്കിംഗ് സംവിധാനത്തിന് കീഴിലാക്കാനും തീരുമാനിച്ചതായി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *