തിരുവനന്തപുരം: മുട്ടയ്ക്കാട് സ്വദേശിനിയായ 14 കാരിയെയും മുല്ലൂർ സ്വദേശിനിയായ വയോധികയെയും കൊലപ്പടുത്തിയത് ഒരേ ചുറ്റിക ഉപയോഗിച്ചാണെന്ന് ചോദ്യംചെയ്യലിൽ പ്രതികളായ റഫീഖയും മകൻ ഷെഫീക്കും സമ്മതിച്ചതായി പോലീസ്. 14 കാരിയുടെ തലയിലും വയോധികയെ ഷാളുപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടശേഷം ചുറ്റികയുപയോഗിച്ച് നെറ്റിയിലും തലയിലും അടിച്ചാണ് കൊലപ്പെടുത്തിയത്.
സ്ക്രൂഡ്രൈവർ, പ്ലെയർ, സ്പാനർ എന്നിവയോടൊപ്പമാണ് പഴക്കമുളള ചുറ്റിക ഇവർ സൂക്ഷിച്ചിരുന്നത്. ഇതേ ചുറ്റികയുപയോഗിച്ചായിരുന്നു വയോധികയെയും കൊലപ്പെടുത്തിയതെന്ന് കോവളം പോലീസ് പറഞ്ഞു. 14 കാരിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെങ്കിലും ഇവർ ആദ്യം പിടിക്കപ്പെട്ടിരുന്നില്ല. ഇത് മുതലാക്കിയാണ് വയോധികയെ വീട്ടിൽ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്നാണ് പോലീസിന് ചുറ്റിക കിട്ടിയത്.
വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികളായ റഫീഖ(50), മകൻ ഷെഫീക്ക്(23) എന്നിവരെയാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.45-ഓടെയായിരുന്നു തെളിവെടുപ്പ്. മുല്ലൂരിൽ വയോധിക തലയിൽ ചുറ്റികകൊണ്ടുളള അടിയേറ്റു മരിച്ച സംഭവത്തിൽ റഫീഖ, ഷഫീക്ക്, അൽഅമീൻ എന്നിവരെ അറസ്റ്റുചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു സമാനരീതിയിൽ നേരത്തേ തങ്ങൾ താമസിച്ചിരുന്ന വാടക വീടിനടുത്തെ പെൺകുട്ടിയെയും കൊലപ്പെടുത്തിയതായി സമ്മതിച്ചത്. റിമാൻഡിലായിരുന്ന പ്രതികളെ തിങ്കളാഴ്ച അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനെത്തിച്ചത്. ജനരോഷം ഭയന്ന് ഹെൽമെറ്റ് ധരിപ്പിച്ചായിരുന്നു പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.
ഫോർട്ട് അസി. കമ്മിഷണർ എസ്.ഷാജി, കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കോവളം ഇൻസ്പെക്ടർ ജി.പ്രൈജു, എസ്.ഐ.മാരായ എസ്.അനീഷ്കുമാർ, മെർവിൻ ഡിക്രൂസ്, സി.പി.ഒ.മാരായ അരുൺ, മുനീർ, ഷൈൻജോസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. ഫൊറൻസിക് വിദഗ്ധ സുനിതാ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും തെളിവെടുപ്പിന്റെ ഭാഗമായി എത്തിയിരുന്നു.