ന്യൂ ഡെൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഇതുവരെ 439 ഭീകരരെ വധിച്ചുവെന്നും കേന്ദ്രഭരണപ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങൾ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു.
ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം ആഗസ്റ്റ് 5 2019 മുതൽ 2022 ജനുവരി 26 വരെ ജമ്മു കശ്മീരിൽ 541 ഭീകരാക്രമണങ്ങൾ ഉണ്ടായി. 439 ഭീകരരെ വധിക്കുകയും ചെയ്തു. 98 സാധാരണക്കാർക്ക് ജീവൻ നഷ്ടമായപ്പോൾ 109 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തുവെന്ന് നീരജ് ഡാംഗിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ ആഭ്യന്തര സഹമന്ത്രി പറഞ്ഞു.
ഈ സംഭവങ്ങളിൽ പൊതുമുതലിന് കാര്യമായ നാശം സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. എന്നിരുന്നാലും, ഏകദേശം 5.3 കോടി രൂപയുടെ സ്വകാര്യ സ്വത്തിന് നാശനഷ്ടം കണക്കാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.