ചണ്ഡീഗഡ്: അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ അനന്തിരവനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യാണ് നടപടി
ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത ഹണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേരത്തെ നടത്തിയ പരിശോധനകളിൽ എട്ട് കോടി രൂപയും ഹണിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. അനധികൃത മണൽ ഖനനം സംബന്ധിച്ച രേഖകളും വസ്തുവകകൾ കൈമാറ്റം ചെയ്തതിന്റെ രേഖകളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.
ഇത് കൂടാതെ മൊബൈൽ ഫോണുകൾ, 21 ലക്ഷം രൂപ വിലവരുന്ന സ്വർണം, 12 ലക്ഷത്തിന്റെ റോളക്സ് വാച്ച് തുടങ്ങിയവയും പിടിച്ചെടുത്തു. പഞ്ചാബിൽ 117 അംഗ സംസ്ഥാന നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടുന്നത്. മാർച്ച് 10ന് ഫലപ്രഖ്യാപനം നടക്കും.