ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അഞ്ചാം അണ്ടർ 19 ലോകകപ്പ് നേടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്ന് മോദി പറഞ്ഞു.“നമ്മുടെ യുവ ക്രിക്കറ്റ് താരങ്ങളെ ഓർത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു. ICC U19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലൂടെ അവർ കരുത്ത് പ്രകടിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്ന് അവരുടെ മികച്ച പ്രകടനം തെളിയിക്കുന്നു” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഫൈനലില്‍ രാജ് ബാവയുടെ ഓള് റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ രാജ് ബാവയുടെയും രവി കുമാറിന്റെയും പേസ് മികവില്‍ 189 റണ്‍സില്‍ തളച്ച ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്താണ് കഴിഞ്ഞ തവണ ബംഗ്ലാദേശിന് മുന്നില്‍ കൈവിട്ട കിരീടം തിരിച്ചു പിടിച്ചത്.അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്ത രാജ് ബാവയാണ് ഫൈനലിലെ താരം. ജൂനിയര്‍ എ ബി ഡിവില്ലിയേഴ്സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസാണ് ടൂര്‍ണമെന്റിലെ താരം.