മയക്കുമരുന്ന് കടത്ത്; ഇന്ത്യന്‍ വംശജന് വധശിക്ഷ വിധിച്ച് സിങ്കപ്പൂരിലെ കോടതി

February 6, 2022
169
Views

സിങ്കപ്പൂർ: മയക്കുമരുന്ന് കേസിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരന് സിങ്കപ്പൂരിൽ വധശിക്ഷ. മലേഷ്യയിലെ കിഷോർ കുമാർ രാഗുവാനാ(41)ണ് ഹൈക്കോടതി ജഡ്ജി ഔദ്രെയ് ലിം വധശിക്ഷ വിധിച്ചത്. ഇയാളിൽനിന്ന് മയക്കുമരുന്ന് വാങ്ങിയ സിങ്കപ്പൂർ പൗരനായ പങ് ആഹ് കിയാങി(61)നെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

2016 ജൂലായിലാണ് കിഷോർ കുമാർ ഹെറോയിൻ മയക്കുമരുന്ന് കടത്തിയതിന് സിങ്കപ്പൂരിൽ പിടിയിലായത്. ബൈക്കിൽ സിങ്കപ്പൂരിലെത്തിയ ഇയാൾ പങ് കിയാങ്ങിന് ഒരു ബാഗ് കൈമാറിയിരുന്നു. ഈ ബാഗിൽനിന്നാണ് 36.5 ഗ്രാം ഹെറോയിൻ കണ്ടെടുത്തത്. സിങ്കപ്പൂരിലെ നിയമപ്രകാരം 15 ഗ്രാമിന് മുകളിൽ ഹെറോയിൻ കടത്തിയാൽ വധശിക്ഷ വിധിക്കാം. ഇതനുസരിച്ചാണ് പ്രതിയെ ഹൈക്കോടതി ശിക്ഷിച്ചത്.

അതേസമയം, സിങ്കപ്പൂരിൽ കൈമാറാൻ ഏൽപ്പിച്ച ബാഗിൽ ഹെറോയിൻ ഉണ്ടായിരുന്നതായി തനിക്കറിയില്ലായിരുന്നുവെന്ന് പ്രതി വാദിച്ചു. ബാഗ് സിങ്കപ്പൂരിലെത്തിച്ചാൽ 160 യുഎസ് ഡോളറാണ് തനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും ബാഗിൽ അലങ്കാരക്കല്ലുകളാണെന്നാണ് താൻ വിചാരിച്ചതെന്നും പ്രതി പറഞ്ഞു. കിഷോറിൽനിന്ന് വാങ്ങിയ ബാഗ് തന്റെ ഭാര്യാസഹോദരന് വേണ്ടി തത്കാലം കൈയിൽവെയ്ക്കുകയാണ് ചെയ്തതെന്ന് മറ്റൊരു പ്രതിയായ പങ് കിയാങ്ങും കോടതിയിൽ പറഞ്ഞു. എന്നാൽ ഈ രണ്ടുവാദങ്ങളും കോടതി തള്ളുകയായിരുന്നു.

കിഷോറിൽനിന്ന് ഹെറോയിൻ അടങ്ങിയ ബാഗും സ്വീകരിച്ച് വാടകവീട്ടിലേക്ക് പോകുന്നതിനിടെയാണ് സെൻട്രൽ നാർകോട്ടിക്സ് ബ്യൂറോ(സിഎൻബി) പങ് കിയാങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇയാളുടെ വാടകവീട്ടിൽനിന്ന് കൂടുതൽ മയക്കുമരുന്നുകളും കണ്ടെടുത്തിരുന്നു. ബാഗിൽ ഉണ്ടായിരുന്നത് ഹെറോയിൻ ആണെന്ന് കിഷോറിന് അറിയാമായിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ബാഗ് കൈമാറിയാൽ 6000 സിങ്കപ്പൂർ ഡോളറാണ് കിഷോറിന് വാഗ്ദാനം ചെയ്തിരുന്നതെന്നും ഇയാൾ മയക്കുമരുന്ന് കടത്തിന്റെ ഇടനിലക്കാരനാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Article Categories:
India · Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *