ഒട്ടാവ: കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മേയർ. കനേഡിയൻ സർക്കാരിന്റെ കൊറോണ നിയന്ത്രണങ്ങളിൽ പ്രതിഷേധിക്കുന്നവർ സിറ്റി സെന്റർ ഉപരോധിച്ചതിനാലാണ് മേയറുടെ നടപടി.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധം നിയന്ത്രണാതീതമാണെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഒട്ടാവ മേയർ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് വാക്സിനേഷൻ സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ജനുവരി 29 മുതൽ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ തെരുവുകളിലും പാർലമെന്റിന് മുന്നിലും പ്രതിഷേധങ്ങൾ നടന്നിരുന്നു.
അതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതിനെ എതിർത്തുകൊണ്ടായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. ‘ഫ്രീഡം കോൺവോയ്’ എന്നായിരുന്നു പ്രതിഷേധത്തിന് അവർ നൽകിയ പേര്. എന്നാൽ വൈകാതെ ഈ പ്രതിഷേധം വാക്സിനേഷൻ വിരുദ്ധ പ്രകടനമായി മാറുകയായിരുന്നു.
നിരവധി ട്രക്കുകൾ പങ്കെടുത്ത ‘ഫ്രീഡം കോൺവോയ്’ ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ അകമ്പടിയോടെ പ്രകടനം നടത്തി. അതിനിടെ, പ്രകടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചില ട്രക്ക് ഡ്രൈവർമാർ കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഹൈവേ ട്രക്കുകൾ നിരത്തി തടയുകയായിരുന്നു.
പ്രതിഷേധക്കാർ ഒത്തുകൂടിയതോടെ സുരക്ഷാകാരണങ്ങൾ മുൻനിർത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും കഴിഞ്ഞയാഴ്ച ഒട്ടാവയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് അധികൃതർ മാറ്റിയിരുന്നു.