ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍, ഉറക്കത്തിന് സ്ലീപ്പിങ് പോഡുകള്‍; ചൈനയുടെ വമ്പന്‍ ഒളിമ്പിക് ബബിള്‍

February 7, 2022
139
Views

ബെയ്ജിങ്: ബെയ്ജിങ്ങിൽ ഒരു ബയോ ബബിൾ നഗരം സൃഷ്ടിച്ചെടുത്ത് ചൈന. വിൻ്റർ ഒളിമ്പിക്സിന്റെ ഭാഗമായാണ് ടെക്നോളജിയുടെ ഈ കലാവിരുതുകൾ ഒരുക്കിയിരിക്കുന്നത്. ഒപ്പം കൊറോണ ഭീതിയും മുഴുവനായി ഒഴിഞ്ഞിട്ടുമില്ല. അതിനാൽ, മറ്റ് രാജ്യങ്ങളിൽ നിന്ന് ഒളിമ്പിക്സിനെത്തുന്നവരും ബെയ്ജിങ്ങിലെ 22 ദശലക്ഷത്തോളം വരുന്ന ജനങ്ങളും തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായാണ് ഈ സംവിധാനം.

ശൈത്യകാല ഒളിമ്പിക്സ്, പാരാലിമ്പിക് എന്നിവയ്ക്കായി രണ്ടു മാസത്തിനുള്ളിൽ താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളുമടക്കം പതിനായിരത്തേലേറെ പേരാണ് ഈ ബബിളിനുള്ളിൽ പ്രവേശിക്കുക. അതുകൊണ്ട് തന്നെ, പുറത്തുനിന്നുള്ള ഒരാൾക്ക് ബബിളിനുള്ളിലെ ആളുകളുമായും തിരിച്ചും സമ്പർക്കം സാധ്യമാകാത്ത തരത്തിലാണ് ഈ സംവിധാനം ചൈന ഒരുക്കിയിരിക്കുന്നത്.

സെൻട്രൽ ബെയ്ജിങ്, യാൻക്വിങ്, ഹാങ്ജിയകൗ, ഹെബെയ് പ്രവിശ്യ എന്നിവിടങ്ങളിലായാണ് ഈ ബബിൾ പടർന്നു കിടക്കുന്നത്. മത്സരങ്ങൾക്കുള്ള വേദികളും ഹോട്ടലുകളും എന്തിന് ബാറുകൾ വരെ ബബിളിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രകൾക്കായി പ്രത്യേക ഗതാഗത സംവിധാനവും ഒരുക്കി. നിയന്ത്രണങ്ങളില്ലാതെ ബബിളിനുള്ളിൽ ഇൻർനെറ്റ് സംവിധാനവും ഉപയോഗിക്കാം.

ഒളിമ്പിക് ബബിളിന്റെ എല്ലായിടത്തും റോബോട്ടുകളുണ്ട്. ബബിളിനുള്ളിൽ ആളുകൾക്ക് ഭക്ഷണം വിളമ്പുന്നത് ഈ റോബോട്ടുകളാണ്. കഫെറ്റീരിയയിലെ ജീവനക്കാർ ആരെങ്കിലും ഭക്ഷണത്തിന്റെ ഓർഡർ എടുത്താൽ പിന്നെല്ലാം റോബോട്ടിന്റെ കൈകളിലാണ്. ആവശ്യപ്പെട്ട ഭക്ഷണം ടേബിളിനു മുകളിലെ ഒരു ട്രാക്ക് വഴിയെത്തി റോബോട്ട് നിങ്ങളുടെ മുന്നിലെത്തിക്കും.

ഉറങ്ങുന്നതിനായി സ്ലീപ്പിങ് പോഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മീഡിയ സെന്ററുകളിൽ പ്രത്യേക കാബിനുകൾക്കുള്ളിൽ സ്ലീപ്പിങ് പോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ കൊറോണ പരിശോധനയുമുണ്ട്.

ബബിളിനുള്ളിൽ വിവിധ സേവനങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ആളുകളും സംഘാടകരും വളണ്ടിയേഴ്സ് അടക്കമുള്ളവരുമെല്ലാം രണ്ടു മാസങ്ങൾക്കു മുമ്പു തന്നെ ഈ ബബിളിൽ പ്രവേശിച്ചവരാണ്.

Article Categories:
Latest News · Sports · Technology · World

Leave a Reply

Your email address will not be published. Required fields are marked *