80 രൂപ മൂലധനത്തിൽ നിന്ന് 1600 കോടി വരുമാനത്തിലേക്ക് ഇവർ പറന്ന് ഉയർന്നത് ഇങ്ങനെ

February 8, 2022
155
Views

സ്വപ്‌നങ്ങള്‍ പപ്പടമാക്കിയെന്നൊക്കെ പറഞ്ഞാല്‍ എല്ലാം പപ്പടം പോലെ പൊടിഞ്ഞു പാളീസായി പോയി എന്നല്ലേ വിചാരിക്കുക. എന്നാല്‍, അങ്ങിനെയല്ല 1959ൽ ഏഴ് ഗുജറാത്തി വീട്ടമ്മമാര്‍ തങ്ങളുടെ സംരംഭകരെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത് പപ്പടം ഉണ്ടാക്കിക്കൊണ്ടാണെന്ന് മാത്രം. ദക്ഷിണ മുംബൈയിലെ കെട്ടിടത്തിന്റെ ടെറസില്‍ ഏഴ് സ്ത്രീകള്‍ ചെറിയ രീതിയിൽ തുടങ്ങിയ പപ്പടം കച്ചവടം 63 വര്‍ഷത്തിനിപ്പുറം 1,600 കോടി വരുമാനവും 45000 സ്ത്രീ തൊഴിലാളികളുമുള്ള ഒരു വന്‍കിട സംരംഭമാണ്.

പത്മശ്രീ പുരസ്‌കാര ജേതാവായ 94-കാരി ജസ്വന്തിബെന്‍ പോപട്ട് മാത്രമാണ് ലിജ്ജത് പപ്പടിന്റെ നിലവിൽ ജീവിച്ചിരിക്കുന്ന ഏക സഹസ്ഥാപക. ‘വ്യാപാര വ്യവസായ’ വിഭാഗത്തിന് കീഴിലുള്ള വിശിഷ്ട സേവനത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡ് ജസ്വന്തിബെന്‍ പോപട്ട് സ്വന്തമാക്കിയിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വനിതാ സഹകരണ സ്ഥാപനമാണ് ‘ശ്രീ മഹിളാ ഉദ്യോഗ് ലിജ്ജത് പപ്പട്’. ജസ്വന്തിബെന്നും ആറ് വീട്ടമ്മമാരും ചേര്‍ന്ന് വെറും 80 രൂപ വായ്പയെടുത്ത് ആരംഭിച്ച പപ്പട കച്ചവടം അയല്‍വാസികളായ സ്ത്രീകളുടെ സഹകരണത്തോടെ സ്വാഭാവികമായി വളരുകയായിരുന്നു. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യമായിരുന്നു ലിജ്ജത്ത് പപ്പടിന്റെ സാരഥികളുടെ ഉദ്ദേശം. ഈ ലക്ഷ്യം നിറവേറ്റാന്‍ അതുവഴി സാധിച്ചുവെന്ന് ഈ സംരംഭത്തില്‍ ഇപ്പോള്‍ 45000 സ്ത്രീകള്‍ തൊഴിലാളികളായി ഉണ്ടെന്ന് പറയുമ്പോള്‍ തന്നെ വ്യക്തമാകുന്നതാണ് .
കച്ചവടം തുടങ്ങിയ ആദ്യ ദിവസം ഒരു കിലോ പപ്പടം വിറ്റ് എട്ട് അണയാണ് കിട്ടിയത്. അവര്‍ പതുക്കെ തങ്ങളുടെ വിപണി വിപുലീകരിക്കുകയും സുസ്ഥിരപ്പെടുത്തുകയും ചെയ്തു. വീട്ടുചെലവുകളില്‍ സഹായിക്കാന്‍ ഒരു സ്ഥിരവരുമാനം വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച ചെറുകിട ബിസിനസ് സമാനതകളില്ലാത്ത ബിസിനസ് ആശയമായാണ് വളര്‍ന്നത്. ദാരിദ്ര്യത്തില്‍ കഴിയുന്ന ആയിരക്കണക്കിന് നിരക്ഷരരും എന്നാല്‍ വൈദഗ്ധ്യവുമുള്ള സ്ത്രീകള്‍ക്ക് ഈ ബിസിനസ് മോഡലിലൂടെ സ്ഥിരമായി ജോലി ലഭിച്ചു. അതോടൊപ്പം ചെയ്യുന്ന തൊഴിലിന് അനുസരിച്ച് വരുമാനവും ലഭിക്കാൻ ആരംഭിച്ചു . സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യമെന്ന വലിയൊരു ലക്ഷ്യമാണ് അതിലുടെ നിറവേറ്റപ്പെടുന്നത് .ലിജ്ജത്തിന് 82 ബ്രാഞ്ചുകളുണ്ട്. നേരം പുലരും മുമ്പ് പരത്തി പൂര്‍ത്തിയാക്കിയ പപ്പടം സ്ഥാപനത്തിലെത്തിക്കാനും തയ്യാറാക്കി വെച്ച ഉഴുന്ന് മാവ് പരത്താനായി കൊണ്ടുപോകാനുമായി നൂറുകണക്കിന് സ്ത്രീകളുടെ വരിയാണ് ഉണ്ടാകുക.അതിരാവിലെ തന്നെ പല വീടുകളിലും ടെറസുകളിലുമായി ജോലികള്‍ പുരോഗമിക്കുന്നു.ഓരോരുത്തരുടെയും ജോലി വൈദഗ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ ഔപചാരിക വിദ്യാഭ്യാസം ആവശ്യമില്ല, ഇത് ധാരാളം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സാമ്പത്തികമായി സ്വതന്ത്രരാകാനുള്ള അവസരങ്ങള്‍ തുറക്കുന്നു.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 2019 വരെയുള്ള രണ്ട് ദശാബ്ദങ്ങളില്‍ സ്ത്രീ തൊഴിലാളി പങ്കാളിത്തം ഒരിക്കലും ഉയര്‍ന്നിട്ടില്ല. ഈ പങ്കാളിത്തം വര്‍ഷങ്ങളായി കുറഞ്ഞുവരുന്ന ഒരു രാജ്യത്ത് ഇത് ഒരു വലിയ നേട്ടമാണ്.
1959-ലെ വാര്‍ഷിക വില്‍പന വെറും 6,000 രൂപയില്‍ കൂടുതലായിരുന്നു. ഓരോ സ്ത്രീക്കും അവളുടെ ഉല്‍പ്പാദന ശേഷിയും ഓര്‍ഗനൈസേഷനിലെ റോളും അനുസരിച്ചാണ് പ്രതിഫലം ലഭിക്കുന്നത്. പ്രതിമാസം ശരാശരി 12,000 രൂപ സമ്പാദിക്കുന്നുവെന്ന് പരബ് എന്ന സ്ത്രീ തൊഴിലാളി പറയുന്നു.
പുരുഷന്മാരെ ഷോപ്പ് അസിസ്റ്റന്റുമാരായോ ഡ്രൈവര്‍മാരായോ ജോലിക്കാരായ ആണ്‍കുട്ടികളായോ മാത്രമേ നിയമിക്കുകയുള്ളൂ. സ്ഥാപനത്തിന്റെ ഭാഗമായുള്ള സ്ത്രീ തൊഴിലാളികള്‍ അവരുടെ ഭര്‍ത്താക്കാന്മാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ കുടുംബം അവരെ ബഹുമാനിക്കുന്നുവെന്ന്. ലിജ്ജത്ത് പ്രസിഡന്റ് സ്വാതി രവീന്ദ്ര പരാദ്കര്‍ പറഞ്ഞു.
അവരുടെ പിതാവ് 37-ആം വയസ്സില്‍ മരിക്കുമ്പോള്‍ പരദ്കറിന് വെറും 10 വയസ്സായിരുന്നു, ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാക്കി.എല്ലാ ദിവസവും രാവിലെ സ്‌കൂളിന് മുമ്പ് സഹകരണസംഘത്തിന്റെ ഭാഗമായിരുന്ന അമ്മയെ അവള്‍ പപ്പടം ഉണ്ടാക്കാന്‍ സഹായിക്കും.എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ച് അവധിക്കാലത്ത്, എന്റെ സുഹൃത്തുക്കള്‍ എല്ലാവരും കളിക്കാന്‍ പോകുമ്പോള്‍ എനിക്ക് ജോലി ചെയ്യേണ്ടി വരുമെന്ന്’ ഇപ്പോള്‍ 61 വയസുകാരിയായ പരദ്കര്‍ പറയുന്നു.കൊവിഡ് പ്രതിസന്ധിയില്‍ വില്‍പ്പനയില്‍ ചെറിയതോതില്‍ കുറവു വന്നെങ്കിലും സ്ഥാപനത്തില്‍ ആരെയും പിരിച്ചുവിടുകയോ ശമ്പളം പിടിച്ചുവെക്കലോ ഉണ്ടായിട്ടില്ല.പകരം ശമ്പളം നേരിയ തോതിലെങ്കിലും വര്‍ധിപ്പിച്ചു നല്‍കുകയാണ് ചെയ്തതെന്ന് മേധാവികള്‍ പറയുന്നു. അലക്ക് സോപ്പ്,ചപ്പാത്തി തുടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും മുന്‍ഗണന പപ്പടം ബിസിനസിന് തന്നെയാണ്. ആഭ്യന്തര വിപണി കൂടാതെ സിംഗപ്പൂര്‍,അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളുടെ വിപണികളിലും ഈ ബ്രാന്റ് ലഭ്യമാണ്.നൂറ് ഗ്രാമിന്റെ പാക്കറ്റിന് 31 രൂപയാണ് വില. ലിജ്ജത്ത് പപ്പട് സംരംഭത്തിന്റെ കഥ അധികം താമസിയാതെ ബോളിവുഡ് വെള്ളിത്തിരയിൽ കാണാമെന്ന് സ്ഥാപന മേധാവികള്‍ ഏറെ അഭിമാനത്തോടെ പറയുന്നു

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *