ന്യൂ ഡെൽഹി: പൗരത്വ നിയമഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി.
സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങൾക്കിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്ടം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നോട്ടീസ് ഉത്തർപ്രദേശിലെ വിവിധ ജില്ലാ ഭരണ സംവിധാനങ്ങൾ കൈമാറിയത്. എന്നാൽ, സർക്കാർ പരാതിക്കാരെനെയും വിധികർത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ ഒരേസമയം പ്രവർത്തിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് നിയമ വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വസ്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിക്കാൻ അവസാന അവസരം നൽകുകയാണ്. ഫെബ്രുവരി പതിനെട്ടിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ ഉത്തരവ് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 833 പേര് പ്രതികളാണെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇവരുടെ വസ്തുക്കൾ കണ്ടുകെട്ടാൻ ഇതുവരെ 274 നോട്ടീസുകളാണ് സർക്കാർ ഇറക്കിയത്. ഇതിൽ 236 നോട്ടീസുകളിൽ ഉത്തരവിറക്കി കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ കണ്ടുകെട്ടൽ നടപടികളുടെ ഭാഗമായി രൂപീകരിക്കുന്ന ക്ലയിം ട്രിബ്യുണലുകളിൽ ജുഡീഷ്യൽ ഓഫീസർമാരെയാണ് നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി 2009-ലും 2018-ലും പുറപ്പടുവിച്ച രണ്ട് വിധികളിൽ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാതെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമാരെയാണ് ഉത്തർപ്രദേശ് സർക്കാർ ട്രിബ്യൂണലുകളിൽ നിയമിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമം പാലിച്ച് മാത്രമേ ഉത്തർപ്രദേശ് സർക്കാരിന് ആസ്തി കണ്ടുകെട്ടൽ നടപടികളുമായി മുന്നോട്ടുപോകാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.