തിരുവനന്തപുരം: സംസ്ഥാനത്ത് ട്രക്കിങ്ങിന് കർശന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കൊണ്ടുവരാൻ വനംവകുപ്പ് തീരുമാനം. രജിസ്ട്രേഷനായി ‘ട്രക്കിങ് ഗൈഡ്ലൈൻ’ഇറക്കാനാണ് നീക്കം. ട്രക്കിങ്ങിനിടെ മലമ്പുഴ, ചെറാട് മലയിടുക്കിൽ ബാബു എന്ന ചെറുപ്പക്കാരൻ കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.
കഴിവതും വന്യമൃഗങ്ങളുടെ സാന്നിധ്യം കുറഞ്ഞയിടങ്ങളിൽ മാത്രം ട്രക്കിങ്ങിന് അനുമതി നൽകിയാൽ മതിയാകുമെന്ന തീരുമാനവും വന്നേക്കും. വനംവകുപ്പ് നിർദേശിക്കുന്ന ഇടങ്ങളിൽ മാത്രമേ ട്രക്കിങ് അനുവദിക്കൂ. സർക്കാർ ഡോക്ടർ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങൾ, ഭക്ഷണം, വെള്ളം എന്നിവ കരുതണം. ഓൺകോളിൽ ഡോക്ടറുടെ സാന്നിധ്യവും ഉറപ്പാക്കിയിരിക്കണം. മുഴുവൻ വ്യക്തി വിവരങ്ങളും തിരിച്ചറിയൽ രേഖയും നൽകി അപേക്ഷിക്കണം.
വനംവകുപ്പിന്റെ നിയന്ത്രണമേഖലകളിലധികവും ട്രക്കിങ്ങിന് അനുമതിയില്ലാത്ത സ്ഥലങ്ങളാണ്. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായൊരു മാർഗനിർദേശം സർക്കാറിന്റെയോ വനംവകുപ്പിന്റെയോ പക്കലില്ല. അതിനാൽ ട്രക്കിങ് നടത്തുന്നവരെ തടയാനാകുന്നില്ല. നിലവിൽ ഒരാൾ ട്രക്കിങ്ങിന് അനുമതി ആവശ്യപ്പെട്ടാൻ അനുമതി നൽകാമോ ഇല്ലയോ എന്നുപോലും വകുപ്പിന് ധാരണയില്ല. നിരോധിത മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല. ഇക്കാര്യങ്ങൾ ഗൗരവമായി കണ്ടാണ് കൃത്യമായ നിയന്ത്രണങ്ങളും മാർഗനിർദേശവും കൊണ്ടുവരാൻ സർക്കാറും വനംവകുപ്പും തീരുമാനിച്ചിരിക്കുന്നത്.