കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നെടുത്ത അഗ്നി മേൽശാന്തി പണ്ഡാര അടുപ്പിലേക്ക് പകർന്നതോടെയാണ് ഇക്കൊല്ലത്തെ പൊങ്കാല ആരംഭിച്ചത്. ഇനി ഭക്തർ വീടുകളിൽ പൊങ്കാല സമർപ്പിക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് വീടുകളിലേക്ക് പൊങ്കാല മാറ്റിയത്. ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം അർപ്പിക്കുക.
കർശന നിർദേശങ്ങൾ പാലിക്കണമെന്ന്് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മൂന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 1200ൽ അധികം പൊലീസുകാർ, നഗരസഭാ ജീവനക്കാർ, വാട്ടർ അതോറിറ്റി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ഫയർഫോഴ്‌സ് അധികൃതർ തുടങ്ങിയവർ നിലയുറപ്പിച്ചിട്ടുണ്ട്. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്.
കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളു. 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. ചടങ്ങുകൾ മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്.