രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും പതിനായിരത്തിന് മുകളില്‍. 11,499 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.6 ശതമാനം കേസുകളാണ് ഇന്ന് കുറഞ്ഞത്. 1,21,881 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങൡലായി ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,29,05,844 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 255 പേര്‍ 24 മണിക്കൂറിനിടെ മരിച്ചപ്പോള്‍ ആകെ മരണനിരക്ക് 5,13,481 ആയി. 98.52 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇന്നലെ 23,598 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായതോടെ ആകെ നിരക്ക് 4,22,70,482 ആയി. 177.13 കോടി കൊവിഡ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. കൊവിഡ് കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്.
കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരി രണ്ടാംവാരത്തോടെ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് പരിഗണനയിലുണ്ട്. പൊതുയിടങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കാന്‍ വൈകുമെങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ മാറ്റുന്നതാണ് നിലവില്‍ ആലോചിക്കുന്നത്. മൂന്നാംതരംഗ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ രൂക്ഷാമാകാതെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിനായെന്നാണ് വിലയിരുത്തല്‍.ഇന്നലെ 3581 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്സ്ഥിരീകരിച്ചത്. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.