മാടപ്പള്ളിയിലെ പൊലീസ് നടപടി; നിയമസഭയിൽ യുഡിഎഫ് പ്രതിഷേധം

March 18, 2022
226
Views

മാടപ്പള്ളിയിലെ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ യു ഡി എഫ് പ്രതിഷേധം. യു ഡി എഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിക്കുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. എന്നാൽ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയാറായില്ല.

കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് മാടപ്പള്ളിയിൽ സിൽവർ ലൈൻ കല്ല് സ്ഥാപിക്കാനെത്തിയപ്പോൾ ഉണ്ടായത്. പ്രതിഷേധത്തിനിടെ സമരക്കാര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.ചങ്ങനാശേരിയിലെ 16 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമാവുമെന്ന് പറഞ്ഞാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *