വാഹനങ്ങള്‍ക്ക് പിഴയില്ലാത്ത ചെല്ലാന് ഉത്തരവിറക്കും

May 3, 2023
15
Views

റോഡ് ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് ചെല്ലാന്‍ അയയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും.

തിരുവനന്തപുരം: റോഡ് ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് ചെല്ലാന്‍ അയയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും.

ഏപ്രില്‍ 20ന് 726 റോഡ് ക്യാമറകള്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പിഴ ഈടാക്കാതെ ചെല്ലാന്‍ മാത്രമായി അയയ്ക്കുന്നത് നിയമ പ്രശ്‌നത്തിന് ഇടയാക്കുമെന്നതിനാലാണ് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്.

മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കും.

ഏതു മാതൃകയിലാണു ചെല്ലാന്‍ അയയ്‌ക്കേണ്ടതെന്നു ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും നിര്‍ദേശം ലഭിച്ചാല്‍ നടപടികള്‍ ആരംഭിക്കാനുമാണ് കെല്‍ട്രോണിന്റെ തീരുമാനം. ഒരു മാസം 25 ലക്ഷം ചെല്ലാനുകള്‍ അയയ്ക്കാന്‍ കഴിയും.

ക്യാമറകള്‍ നിയമലംഘനങ്ങളുടെ ഫോട്ടോ മാത്രം കേന്ദ്ര കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും. ജീവനക്കാര്‍ കംപ്യൂട്ടറില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തിയശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഐ.ടി.എം.എസ് (ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം) സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യും. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഈ ഡേറ്റ ഡൗണ്‍ലോഡ് ചെയ്തു പരിശോധിക്കും.

നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടാല്‍ അംഗീകാരം നല്‍കി ഇ ചെല്ലന്‍ അയയ്ക്കാനായി ഐ.ടിഎംഎസ് സെര്‍വറിലേക്ക് അയയ്ക്കും. വാഹനത്തിന്റെ വിവരങ്ങള്‍ വാഹന്‍ സോഫ്റ്റ്‌വെയറില്‍നിന്നു ലഭിക്കും. വാഹന ഉടമകളുടെ നമ്ബരിലേക്ക് എസ്.എം.എസ് പോകും. അതോടൊപ്പം സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമിലേക്കും ചെല്ലാന്‍ കോപ്പി എത്തും. നിയമപ്രകാരം തപാല്‍ വഴിയാണ് ചെല്ലാന്‍ വാഹന ഉടമയ്ക്ക് അയക്കേണ്ടത്. ചെല്ലാന്റെ കോപ്പി എടുത്ത് ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *