ശരദ് പവാര്‍ എന്ന മറാത്ത പവര്‍

May 3, 2023
10
Views

ശരദ്ഗോവിന്ദ്റാവു പവാര്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പവര്‍ഫുള്‍ മനുഷ്യന്‍. എന്‍.സി.പിയില്‍ എതിര്‍വായില്ലാത്ത നേതാവ്.

മുംബൈ: ശരദ്ഗോവിന്ദ്റാവു പവാര്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പവര്‍ഫുള്‍ മനുഷ്യന്‍. എന്‍.സി.പിയില്‍ എതിര്‍വായില്ലാത്ത നേതാവ്.

ആളും അര്‍ഥവുമായി രാഷ്ട്രീയ ചാണക്യനായി വിലസിയ പവാര്‍ അപ്രതീക്ഷിതമായി എന്‍.സി.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ചിന്തിച്ചെടുത്ത തീരുമാനം തന്നെയാകും. ഒടുവില്‍ അധ്യക്ഷപദമൊഴിയുമ്ബോള്‍ കരുത്തനായ നേതാവിനെയാണ് ഉന്നത പദവിയില്‍ എന്‍.സി.പിക്ക് ഇല്ലാതാകുന്നത്.

പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ മുന്നണികള്‍ക്കൊപ്പംനില്‍ക്കുന്ന എന്‍.സി.പിയിലെ പ്രാദേശിക വിഷയങ്ങള്‍ എളുപ്പം പരിഹരിക്കുന്നത് പവാറിന്റെ കരുത്തും പരിചയസമ്ബത്തുമായിരുന്നു. യുവജന രാഷ്ട്രീയത്തില്‍നിന്ന് നാലുവട്ടം മുഖ്യമന്ത്രിയും ഒരു വ്യാഴവട്ടത്തോളം കേന്ദ്രമന്ത്രിയുമായി ഉയര്‍ന്ന പവാറിന്റെ പുതിയ നീക്കങ്ങളും ആകാംക്ഷയോടെയാണ് മറ്റു പാര്‍ട്ടികള്‍ വീക്ഷിക്കുന്നത്.

1958ല്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് പവാറിന്റെ തുടക്കം. നാലു വര്‍ഷത്തിനുശേഷം പുണെ ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി. 1967ല്‍ സ്വന്തം തട്ടകമായ ബരാബതിയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് ജയിച്ചു.

1978ല്‍, 38ാം വയസ്സില്‍ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. പവാറിന്റെ പി.ഡി.എഫ് മുന്നണി രണ്ടു വര്‍ഷത്തോളം ഭരണത്തില്‍ തുടര്‍ന്നു. 1988ലും ’90ലും വീണ്ടും മുഖ്യമന്ത്രിയായി. ’91ല്‍ പി.വി. നരസിംഹ റാവുവിനു കീഴില്‍ പവാര്‍ പ്രതിരോധ മന്ത്രിയായി. എന്നാല്‍, ’93ല്‍ മുംബൈ കലാപത്തെ തുടര്‍ന്ന് സുധാകര്‍ റാവു നായ്ക് പടിയിറങ്ങിയപ്പോള്‍ നാലാമതും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി.

സോണിയ ഗാന്ധിയെകുറിച്ചുള്ള ‘വിദേശ വംശ’ ആരോപണും പാര്‍ലമെന്ററി പാര്‍ട്ടി പദവി ലഭിക്കാത്തതും 1999ല്‍ പവാറിനെ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ പ്രേരിപ്പിച്ചു. തന്നോടൊപ്പം പുറത്താക്കപ്പെട്ട പി.എ. സാംഗ്മക്കും താരിഖ് അന്‍വറിനുമൊപ്പം പവാര്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) രൂപവത്കരിച്ചു.

എന്‍.സി.പിയായെങ്കിലും കോണ്‍ഗ്രസുമായി ചങ്ങാത്തം തുടര്‍ന്ന പവാര്‍ 2004ലും 2009ലും മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ കൃഷിവകുപ്പിന്റെ ചുമതല വഹിച്ചു. പിന്നീട് ശിവസേനയെ ബി.ജെ.പി സഖ്യത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കിയതും പവാറിന്റെ ബുദ്ധിയായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *