മദ്ധ്യകേരളത്തിലുണ്ടായിട്ടുള്ള ചാളച്ചാകരയുടെ ആവേശത്തിലാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും.
കൊച്ചി: മദ്ധ്യകേരളത്തിലുണ്ടായിട്ടുള്ള ചാളച്ചാകരയുടെ ആവേശത്തിലാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും.
ഫോര്‍ട്ടുകൊച്ചിയിലും വൈപ്പിന്‍ തീരത്തുമാണ് ചാളകള്‍ കൂട്ടത്തോടെ അടിഞ്ഞത്.
കുറച്ച് ദിവസങ്ങളായി ഇരുകരകളിലും തിരമാലയ്‌ക്കൊപ്പം അടിയുന്ന ചാള നാട്ടുകാര്‍ സഞ്ചിയില്‍ കോരിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും വൈറലായി.
ഫോര്‍ട്ടുകൊച്ചിയിലും വൈപ്പിന്‍ റോ റോ ജങ്കാര്‍ ജെട്ടിക്കരികിലുമായിരുന്നു ചാകരയെത്തിയത്. വൈകിട്ട് 5.30ഓടെ തിരമാലകള്‍ക്കൊപ്പം ചാളക്കൂട്ടങ്ങള്‍ കരയിലേക്ക് അടിച്ച് കയറി. വേലിയേറ്റ സമയത്ത് ചാളകള്‍ കൂട്ടത്തോടെ എത്തിയതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ജില്ലയില്‍ ഇത്തവണ പൊതുവെ മഴ കുറവായതിനാല്‍ കായലിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടുതലാണ്. വേലിയേറ്റ സമയത്ത് വെള്ളത്തിനൊപ്പം ചാള എത്തിയതാണ്. 16 മുതല്‍ 19 സെന്റി മീറ്റര്‍ നീളമുള്ള, വളര്‍ച്ചയെത്തിയ ചാളയാണ് തീരത്തടിഞ്ഞതെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. എന്നാല്‍ കടലില്‍ ചൂട് കൂടുതലായതിനാലാണ് ചാള തീരത്തേക്ക് എത്തിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ചാളയ്ക്ക് താങ്ങാനാവുന്ന ചൂടിന്റെ അളവ് 28 ഡിഗ്രി സെല്‍ഷ്യസാണ്. ഇതില്‍ കൂടുതലാണങ്കില്‍ മത്സ്യം അടിത്തട്ടിലേക്ക് പോകും. എന്നാല്‍ കടലില്‍ ഉണ്ടാകാറുള്ള പ്രവാഹങ്ങള്‍ മൂലം ഇവ വീണ്ടും തീരത്തേക്കെത്തും. വടക്ക് നിന്ന് തെക്കോട്ടും തെക്ക് നിന്ന് വടക്കോട്ടുമാണ് കടല്‍പ്രവാഹങ്ങള്‍ ഉണ്ടാകാറുള്ളത്. വടക്ക് നിന്ന് തെക്കോട്ട് ഉണ്ടാകുന്ന പ്രവാഹത്തിന്റെ ഭാഗമായി ചില ഘട്ടങ്ങളില്‍ അടിത്തട്ടിലെ ധാതുക്കള്‍ മുകളിലേക്കുവരും. ഇതില്‍ ധാരാളം ഭക്ഷണങ്ങളുമുണ്ടാകും. ഇത് കഴിക്കാന്‍ മത്സ്യങ്ങളെത്തും. ഇതാണ് ചാകരയ്ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.
ചാളയില്ലാത്ത കാലം
കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ ചാളയുടെ വരവ് കുറവായിരുന്നു. അതിന് കാരണം ധാതുക്കളുടെ അളവ് കുറഞ്ഞതാണ്. കഴിഞ്ഞ വര്‍ഷമാണ് ചാള വന്നുതുടങ്ങിയത്. ഇപ്പോള്‍ കടല്‍ പ്രവാഹത്തിന്റെ ഭാഗമായി ധാതുക്കള്‍ ഉയര്‍ന്നുവന്നത് നല്ല ലക്ഷണമാണ്. ഇത് മത്സ്യ സമ്ബത്ത് വര്‍ദ്ധിപ്പിക്കും. ഈ വര്‍ഷം നല്ല രീതിയില്‍ ചാള ഉണ്ടാകുമെന്നാണ് കണക്കുകൂട്ടലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മത്തി ലഭ്യത (ടണ്‍)
2017- 12,793
2018- 77,093
2019 – 44,320
2020- 13,154
2021- 3,297
2022- 1,10,000
കേരളത്തില്‍ ചാളയുടെ ലഭ്യത ഇനിയും കൂടും. നിലവില്‍ വേലിയേറ്റം മൂലം കായലിലേക്ക് ചാള എത്തിയതാണ്.
ഡോ. ഇ.എം. അബ്ദുസമദ്
പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്
ഹെഡ് ഒഫ് ഫിന്‍ ഫിഷ് ഫിഷറീസ് ഡിപ്പോര്‍ട്ട്മെന്റ്
കുറച്ച് ദിവസങ്ങളിലായി ഉണ്ടായിട്ടുള്ള ചാകര മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ഗുണമായിട്ടുണ്ട്. 10-12 ലക്ഷം രൂപ വരെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരാഴ്ച ലഭ്യമായിട്ടുണ്ട്.
ചാള്‍സ് ജോര്‍ജ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
സംസ്ഥാന പ്രസിഡന്റ്