മധ്യപ്രദേശില്‍ ജില്ലാ ആരോഗ്യ കേന്ദ്രത്തിന് പുറത്ത് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡോക്ടര്‍മാരും നഴ്സുമാരും ചുറ്റും ഉണ്ടായിരുന്നുവെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു.
ഭോപ്പാല്‍: മധ്യപ്രദേശില്‍ ജില്ലാ ആരോഗ്യ കേന്ദ്രത്തിന് പുറത്ത് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡോക്ടര്‍മാരും നഴ്സുമാരും ചുറ്റും ഉണ്ടായിരുന്നുവെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു.
രാവിലെ മുതല്‍ ഭാര്യ വലഭായിക്ക് പ്രസവവേദനയുണ്ടെന്ന് ഭര്‍ത്താവ് അരുണ്‍ പരിഹാര്‍ പറയുന്നു.
ആംബുലന്‍സിന് വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയത്. തുടര്‍ന്ന് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ശിവപുരിയിലെ ആശുപത്രിക്ക് ഭാര്യയുമായി എത്തുകയായിരുന്നു. എന്നാല്‍ ആശുപത്രി മുറ്റത്തെത്തിയിട്ടും ഭാര്യയെ കിടത്താന്‍ സ്ട്രെച്ചറോ സഹായിക്കാന്‍ അറ്റന്‍ഡര്‍മാരെയോ കാണാനായില്ല. തുടര്‍ന്നാണ് ഭാര്യ ആശുപത്രി മുറ്റത്ത് വെച്ച് പ്രസവിക്കുന്നത്.
ഡോക്ടര്‍മാരും നഴ്‌സുമാരും ചുറ്റുമുണ്ടായിട്ടും ആരും സഹായിക്കാന്‍ എത്തിയില്ലെന്നും ഭര്‍ത്താവ് പറയുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരെല്ലാം തടിച്ചുകൂടാന്‍ തുടങ്ങി. ഇത് കണ്ടതോടെയാണ് ആശുപത്രി ജീവനക്കാര്‍ സ്‌ട്രെച്ചര്‍ കൊണ്ടുവന്ന് ഭാര്യയെയും നവജാതശിശുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഭര്‍ത്താവ് പറഞ്ഞു. നവജാതശിശുവും ഭാര്യയും സുരക്ഷിതരാണെന്നും ഭര്‍ത്താവ് അരുണ്‍ പരിഹാര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.