റഷ്യയുടെ ഹൈപ്പര്‍ സോണിക് മിസൈലായ കിന്‍ഷലിനെ വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയിന്‍. ഇതാദ്യമായാണ് കിന്‍ഷലിനെ യുക്രെയിന്റെ വ്യോമപ്രതിരോധ സംവിധാനം വീഴ്ത്തുന്നത്.
കീവ് : റഷ്യയുടെ ഹൈപ്പര്‍ സോണിക് മിസൈലായ കിന്‍ഷലിനെ വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയിന്‍. ഇതാദ്യമായാണ് കിന്‍ഷലിനെ യുക്രെയിന്റെ വ്യോമപ്രതിരോധ സംവിധാനം വീഴ്ത്തുന്നത്.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കീവിന് നേരെ പാഞ്ഞെത്തിയ കിന്‍ഷലിനെ യു.എസ് നല്‍കിയ പേട്രിയറ്റ് എയര്‍ ഡിഫന്‍സ് സംവിധാനമുപയോഗിച്ചാണ് തകര്‍ത്തതെന്ന് യുക്രെയിന്‍ വ്യോമസേന ഇന്നലെ വെളിപ്പെടുത്തി. യുക്രെയിനെതിരെ ദീര്‍ഘ ദൂര വ്യോമാക്രമണങ്ങള്‍ നടത്തുന്ന റഷ്യയ്ക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെയാണ് പേട്രിയറ്റ് മിസൈല്‍ സംവിധാനം യുക്രെയിനിലെത്തിച്ചത്.
മണിക്കൂറില്‍ 4,900 മുതല്‍ 12,350 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകുന്ന കിന്‍ഷല്‍ യൂറോപ്യന്‍ റഡാറുകള്‍ക്ക് എളുപ്പത്തില്‍ പിടികൊടുക്കാത്ത തരം മിസൈലാണ്. ശബ്ദത്തിന്റെ പത്ത് മടങ്ങ് വേഗതയില്‍ കിന്‍ഷല്‍ കുതിക്കും. 8 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള കിന്‍ഷലിന് ഏകദേശം 4,300 കിലോഗ്രാം ഭാരമുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് 59,000 അടി ഉയരത്തില്‍ വച്ച് മിഗ് – 31 യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാന്‍ പാകത്തിനാണ് കിന്‍ഷലിന്റെ രൂപകല്പന. അതേ സമയം, കിന്‍ഷലിന്റെ കഴിവുകള്‍ റഷ്യ പെരുപ്പിച്ച് കാട്ടുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം.
1,200 മൈല്‍ പ്രഹര പരിധിയുള്ള കിന്‍ഷലിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കീവിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചെന്നാണ് വിവരം. 15 മാസമായി തുടരുന്ന പോരാട്ടത്തിനിടെ അപൂര്‍വമായാണ് റഷ്യ കിന്‍ഷല്‍ പോലുള്ള വിലകൂടിയ ആയുധങ്ങള്‍ പ്രയോഗിച്ചിട്ടുള്ളത്. ഇതുവരെ ഒരു ഡസനോളം കിന്‍ഷല്‍ മിസൈലുകള്‍ യുക്രെയിനില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് കരുതുന്നു.
കാലിബര്‍ ക്രൂസ് മിസൈലുകളെയാണ് റഷ്യ വ്യോമാക്രമണങ്ങള്‍ക്ക് കൂടുതലും തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇവാനോ – ഫ്രാന്‍കിവ്സ്ക് മേഖലയിലാണ് ആദ്യമായി റഷ്യ കിന്‍ഷലിനെ ഉപയോഗിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 9ന് ആറ് കിന്‍ഷലുകളടക്കം 84 മിസൈലുകള്‍ യുക്രെയിനിലുടനീളം റഷ്യ പ്രയോഗിച്ചിരുന്നു.
തെക്കന്‍ യുക്രെയിനിലെ ജനങ്ങളെ ഒഴിപ്പിച്ച് റഷ്യ
കീവ് : തെക്കന്‍ യുക്രെയിനില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ അടക്കമുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് റഷ്യ. ഇവിടെ യുക്രെയിന്റെ ഭാഗത്ത് നിന്ന് ഷെല്ലാക്രമണം കൂടിയതാണ് ഒഴിപ്പിക്കലിന് കാരണമെന്നാണ് റഷ്യയുടെ വിശദീകരണം. കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ഒഴിപ്പിക്കല്‍ താത്കാലികമാണെന്നും റഷ്യന്‍ അധികൃതര്‍ പറയുന്നു. സെപൊറീഷ്യ ആണവനിലയം സ്ഥിതി ചെയ്യുന്ന എനര്‍ഹോഡര്‍ പട്ടണത്തിലും ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സെപൊറീഷ്യയ്ക്ക് ചുറ്റും മാസങ്ങളായി കടുത്ത ആക്രമണം തുടരുന്നത് അന്താരാഷ്ട്ര തലത്തില്‍ ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്. മേഖലയിലെ നോവ കഖോവ്‌ക ഡാമില്‍ ആണവനിലയത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിക്കും വിധം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.