ഭര്‍ത്താവിനെ കാണാനായി സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ യുവതി അസുഖബാധിതയായി മരിച്ചു
റിയാദ്: ഭര്‍ത്താവിനെ കാണാനായി സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ യുവതി അസുഖബാധിതയായി മരിച്ചു. അരിക്കോട് കടുങ്ങല്ലൂര്‍ വാച്ചാ പുറവന്‍ മുഹമ്മദ് ഹാജിയുടെയും നഫീസക്കുട്ടിയുടെയും മകള്‍ മുഹ്സിന(32) ആണ് ഖമീസ് മുഷൈത്ത് സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ മരിച്ചത്.
ജിസാനിലെ ദര്‍ബില്‍ പെട്രോള്‍ പമ്ബ് മെയിന്റനന്‍സ് ജോലി ചെയ്യുന്ന ഭര്‍ത്താവായ എടവണ്ണപ്പാറ ചീക്കോട് മൂസ ഹര്‍ഷാദിനെ കാണാനും ഉംറ നിര്‍വഹിക്കാനുമാണ് മുഹ്സിന ജിസാന്‍ പ്രവിശ്യയിലെ ദര്‍ബില്‍ എത്തിയത്. മൂന്ന് കൂട്ടികളും മുഹ്സിനയെ അനുഗമിച്ചിരുന്നു.
ഉംറ നിര്‍വഹിച്ച് കുട്ടികളുടെ സ്കൂള്‍ അവധി കഴിയുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് പോകാനിരിക്കെയാണ് അസുഖ ബാധിതയായത്. പനിയും ശ്വാസ തടസവും അധികരിച്ച മുറയ്ക്ക് ഖമീസിലെ ആശുപത്രിയില്‍ നിന്ന് സൗദി ജര്‍മ്മന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ സ്ട്രോക്ക് വരികയും നില വഷളാവുകയും ചെയ്തു. ഐസിയുവില്‍ പ്രവേശിപ്പിച്ച് നാലാം നാള്‍ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്ക് ആശുപത്രി മാറ്റത്തിനുള്ള ശ്രമത്തിനിടയില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖമീസില്‍ തന്നെ മറവ് ചെയ്യും. മക്കളായ മിഥുലാജ്, ആയിശ ഹന്ന, ഫാത്തിമ സുഹറ എന്നിവര്‍ നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു.