സൗദിയില്‍ പുതിയ ഇറാന്‍ അംബാസഡറെ നിയമിച്ചു

May 24, 2023
43
Views

ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് കാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അലിറേസ ഇനായത്തിയെ സൗദി അറേബ്യയിലെ പുതിയ അംബാസഡറായി നിയമിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിയാദ്: ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് കാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അലിറേസ ഇനായത്തിയെ സൗദി അറേബ്യയിലെ പുതിയ അംബാസഡറായി നിയമിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാൻ അര്‍ധ ഔദ്യോഗിക വാര്‍ത്ത ഏജൻസിയായ ‘ഫാര്‍സ്’, ഇറാൻ ജുഡീഷ്യറിയുടെ വാര്‍ത്ത ഏജൻസിയായ ‘മീസാൻ’ എന്നീ മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇറാൻ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മുമ്ബ് ഇറാന്റെ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇനായത്തി പ്രഗല്ഭനായ നയതന്ത്രജ്ഞനാണ്. 2014 മുതല്‍ 2019 വരെ കുവൈത്തിലെ ഇറാൻ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദിയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാഖിലും ചൈനയിലും നടന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്നു ഇനായത്തി. ഗള്‍ഫ് കാര്യങ്ങളിലുള്ള അവഗാഹവും തന്ത്രജ്ഞതയും മുൻനിര്‍ത്തിയാണ് ഗള്‍ഫ് അഫയേഴ്‌സ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറലായി ഇറാൻ ഭരണകൂടം ഇദ്ദേഹത്തെ നിയമിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയില്‍ ബെയ്‌ജിങ്ങില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് 2016ല്‍ വിച്ഛേദിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദിയും ഇറാനും തീരുമാനിച്ചത്. ചരിത്രപരമായ ത്രികക്ഷി കരാര്‍ പ്രകാരം ഇരുരാജ്യങ്ങളുടെയും എംബസികളും കോണ്‍സുലേറ്റുകളും വീണ്ടും തുറക്കാനും 20 വര്‍ഷം മുമ്ബ് ഒപ്പുവെച്ച സുരക്ഷ, സാമ്ബത്തിക സഹകരണ കരാറുകള്‍ നടപ്പാക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇറാൻ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് നീക്കിയ അലി ശംഘാനിയെ സൗദി അറേബ്യയിലെ പുതിയ അംബാസഡറായി നിയമിച്ചതായ ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഔദ്യോഗിക മാധ്യമങ്ങള്‍ ഇത് നിഷേധിച്ച്‌ മണിക്കൂറുകള്‍ക്കു ശേഷമാണ് ഇനായത്തിയുടെ നിയമന വാര്‍ത്ത വന്നത്.

സൗദി അറേബ്യയിലെ ഇറാൻ അംബാസഡര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഒരാളാണ് ഇനായത്തിയെന്ന് ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി (ഇസ്ന) കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദിയിലെ പുതിയ ഇറാൻ അംബാസഡറെ നിയമിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം സമീപഭാവിയില്‍ ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീര്‍ അബ്ദുല്ലാഹിയനും പറഞ്ഞിരുന്നു. സൗദി അറേബ്യ തങ്ങളുടെ പുതിയ ഇറാൻ അംബാസഡറെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും വൈകാതെ തന്നെ തങ്ങളുടെ സ്ഥാനപതിയെ റിയാദിലേക്ക് നിയോഗിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *