മധ്യപ്രദേശില്‍ നര്‍മ്മദ നദീ പൂജയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്.
ഭോപ്പാല്‍: മധ്യപ്രദേശില്‍ നര്‍മ്മദ നദീ പൂജയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. മൃദുഹിന്ദുത്വ സമീപനം തന്നെയാണ് മധ്യപ്രദേശിലും.
കര്‍ണ്ണാടകയില്‍ കണ്ടത് പോലെ ഹനുമാന് വേഷധാരിയടക്കം പൂജയില്‍ പങ്കെടുത്തു. ഗോത്രവിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ജബല്‍പൂരിലെ മഹാകുശാല്‍ മേഖലയിലാണ് പ്രിയങ്കയുടെ പ്രചാരണ റാലി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ 13ല്‍ 11 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു.
150 സീറ്റ് പിടിക്കുമെന്ന ആത്മവിശ്വാസമാണ് രാഹുല്‍ ഗാന്ധിയടക്കം പങ്കുവയ്ക്കുന്നത്. ബിജെപിയേക്കാള്‍ ഒരു മുഴം മുന്‍പേ പ്രചാരണത്തിന് കോണ്‍ഗ്രസ് ഇറങ്ങുന്നതും കൃത്യമായ കണക്ക് കൂട്ടലോടെയാണ്. പ്രിയങ്ക ഗാന്ധി തന്നെയാകും പ്രചാരണ മുഖം. നേരത്തെ ഹിമാചല്‍ പ്രദേശിലും, കര്‍ണ്ണാടകയിലും പ്രിയങ്ക നടത്തിയ പ്രചാരണം വിജയത്തില്‍ പ്രധാന ഘടകമായെന്നാണ് വിലയിരുത്തല്‍.
ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പ്രിയങ്ക ഇനി ദേശീയ തലത്തില്‍ കൂടുതല്‍ സജീവമാകും. തെരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കുന്ന സമിതിയുടെ തലപ്പത്തേക്ക് പ്രിയങ്കയെത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിലും പ്രിയങ്ക സജീവമാകും.