യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം ആക്രമിക്കപ്പെടും’; മുന്നറിയിപ്പുമായി യുക്രെയ്നും റഷ്യയും

July 6, 2023
31
Views

യുക്രെയ്നില്‍ റഷ്യ പിടിച്ചടക്കിയ തെക്കുകിഴക്കൻ മേഖലയിലെ സപോറിഷ്യ ആണവ നിലയം ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുനല്‍കി ഇരു രാജ്യങ്ങളും.

കിയവ്: യുക്രെയ്നില്‍ റഷ്യ പിടിച്ചടക്കിയ തെക്കുകിഴക്കൻ മേഖലയിലെ സപോറിഷ്യ ആണവ നിലയം ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുനല്‍കി ഇരു രാജ്യങ്ങളും.

നിലയത്തിലെ നിരവധി കെട്ടിടങ്ങള്‍ക്കുമുകളില്‍ സ്ഫോടക വസ്തുക്കള്‍ക്ക് സമാനമായ വസ്തുക്കള്‍ വെച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കി ആരോപിച്ചു. മൂന്നാമത്തെയും നാലാമത്തെയും വൈദ്യുതി യൂനിറ്റുകള്‍ക്ക് മുകളിലാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്ന് യുക്രെയ്ൻ സായുധസേനാ മേധാവി പ്രസ്താവനയില്‍ പറഞ്ഞു. ഇവ ആണവ നിലയങ്ങള്‍ തകര്‍ക്കില്ലെങ്കിലും യുക്രെയ്ൻ ഷെല്ലാക്രമണം നടത്തിയെന്ന ചിത്രം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ ദുരന്തം വിതക്കുന്ന പ്രകോപനമാണ് യുക്രെയ്ൻ സൈന്യം നടത്തുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് കുറ്റപ്പെടുത്തി. മുമ്ബും സമാനമായി ഈ നിലയത്തെ മുന്നില്‍നിര്‍ത്തി ഇരു വിഭാഗവും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍, നിലയത്തില്‍നിന്ന് ആണവ വികിരണം പുറന്തള്ളാൻ റഷ്യ ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം യുക്രെയ്ൻ ആരോപിച്ചു. സപോറിഷ്യ നിലയത്തിനുചുറ്റും യുക്രെയ്ൻ സേന പ്രത്യാക്രമണം ശക്തമാക്കിയതിനിടെയാണ് ഇരുവിഭാഗവും രംഗത്തെത്തിയത്.

അധിനിവേശത്തിന്റെ ആരംഭത്തില്‍തന്നെ റഷ്യ ആറ് യൂനിറ്റുകളുള്ള കൂറ്റൻ നിലയം കൈവശപ്പെടുത്തിയിരുന്നു. നിലയത്തിനകത്ത് ഷെല്ലാക്രമണം നടത്തിയെന്ന പരാതി ഇരുവിഭാഗവും ഏറെയായി പരസ്പരം ഉന്നയിക്കുന്നുണ്ട്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *