തിമിംഗലത്തിന്റെ മൃതദേഹം കരയില്‍, ഒപ്പം 5 ലക്ഷം ഡോളറും

July 6, 2023
30
Views

കഴിഞ്ഞ മാസം കാനറി ഐലൻഡ്സില്‍ ലാ പാല്‍മയ്ക്ക് സമീപമുള്ള നോഗേല്‍സ് ബീച്ചില്‍ ഒരു സ്പേം തിമിംഗലത്തിന്റെ മൃതദേഹം കരയ്ക്കടിയുകയുണ്ടായി.

മാഡ്രിഡ് : കഴിഞ്ഞ മാസം കാനറി ഐലൻഡ്സില്‍ ലാ പാല്‍മയ്ക്ക് സമീപമുള്ള നോഗേല്‍സ് ബീച്ചില്‍ ഒരു സ്പേം തിമിംഗലത്തിന്റെ മൃതദേഹം കരയ്ക്കടിയുകയുണ്ടായി.

യൂണിവേഴ്സിറ്റി ഒഫ് ലാ പാല്‍മായിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആനിമല്‍ ഹെല്‍ത്ത് ആൻഡ് ഫുഡ് സെക്യൂരിറ്റി വിഭാഗം തലവൻ ആന്റണിയോ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഈ തിമിംഗലത്തിനെ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു.

ദഹന സംബന്ധമായ പ്രശ്നങ്ങളാണ് തിമിംഗലത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന കിട്ടി. ഇതിനിടെ തിമിംഗലത്തിന്റെ കുടലില്‍ എന്തോ തടഞ്ഞിരിക്കുന്നതായി കണ്ടെത്തി. അതിന്റെ മരണത്തിലേക്ക് നയിച്ച കാരണവും ഇതായിരുന്നു. 60 സെന്റീമീറ്ററോളം വ്യാസവും 9.5 കിലോഗ്രാം ഭാരവുമുള്ള ഒരു കല്ലായിരുന്നു അത്. എന്നാല്‍ അതൊരു സാധാരണ കല്ലായിരുന്നില്ല.

500,000 ഡോളര്‍ വിലമതിക്കുന്ന ഒരു ആംബര്‍ഗ്രിസായിരുന്നു അത്. ആംബര്‍ഗ്രിസുകളെ സാധാരണ തിമിംഗലങ്ങള്‍ പുറന്തള്ളുന്നു. എന്നാല്‍, നോഗേല്‍സ് ബീച്ചില്‍ കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെയുള്ളിലെ ആംബര്‍ഗ്രിസ് വളര്‍ന്ന് വലുതാവുകയും അതിന്റെ കുടലിനെ തകര്‍ത്ത് മരണത്തിന് കാരണമാവുകയും ചെയ്തു. ഏതായാലും അമൂല്യമായ ഈ ആംബര്‍ഗ്രിസിനെ ലേലം ചെയ്യാനൊരുങ്ങുകയാണ് അധികൃതര്‍.

ലഭിക്കുന്ന തുക 2021ല്‍ ലാ പാല്‍മയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടന ദുരന്ത ബാധിതരെ സഹായിക്കാൻ ഉപയോഗിക്കും. സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഒരു കോടിയോളം രൂപയും വരുന്ന ആംബര്‍ഗ്രിസിന്റെ അപരനാമം തിമിംഗല ഛര്‍ദ്ദി എന്നാണ്.

 എന്താണ് ആംബര്‍ഗ്രിസ് ?

സ്പേം തിമിംഗലങ്ങളില്‍ നിന്ന് പുറത്തുവരുന്ന വസ്തുവാണ് ആംബര്‍ഗ്രിസ്. സ്പേം തിമിംഗലങ്ങള്‍ പല്ലുള്ള തിമിംഗലങ്ങളില്‍ ഏറ്റവും വലുതാണ്. സ്ക്വിഡ്, കണവ തുടങ്ങിയ സെഫലോപോഡ് വര്‍ഗത്തില്‍പ്പെട്ട കടല്‍ജീവികളാണ് സ്പേം തിമിംഗലങ്ങളുടെ പ്രധാന ആഹാരം. ഇക്കൂട്ടത്തില്‍ തന്നെ സ്ക്വിഡുകളെയാണ് സ്പേം തിമിംഗലങ്ങള്‍ കൂടുതല്‍ അകത്താക്കുന്നത്.

എന്നാല്‍, ഇവ ദഹിക്കാൻ വളരെ പ്രയാസമാണ്. സ്ക്വിഡുകളുടെയും മറ്റും ദഹിക്കാത്ത ഭാഗങ്ങള്‍ തിമിംഗലത്തിന്റെയുള്ളില്‍ ദഹന പ്രക്രിയ നടക്കുന്നതിന് മുന്നേ പുറത്തേക്ക് ഛര്‍ദ്ദിക്കാറുണ്ട്. എന്നാല്‍, ചില അവസരങ്ങളില്‍ ദഹിക്കാൻ പ്രയാസമുള്ള ഈ ഭാഗങ്ങള്‍ തിമിംഗലത്തിന്റെ കുടലില്‍ എത്തുകയും അവിടെയുള്ള സ്രവങ്ങളുമായി കൂടിച്ചേര്‍ന്ന് കട്ടികൂടിയ ആംബര്‍ഗ്രിസിന്റെ രൂപത്തിലെത്തുകയും ചെയ്യുന്നു.

സ്ക്വിഡിന്റെയും കണവയുടെയും നാവ് ഉള്‍പ്പെടെ കൈറ്റിൻ നിര്‍മ്മിതമായ ഭാഗങ്ങളാല്‍ ആന്തരികാവയവങ്ങള്‍ക്ക് മുറിവേല്‍ക്കുന്നതില്‍ നിന്ന് ഈ സ്രവങ്ങള്‍ തിമിംഗലത്തെ സഹായിക്കുന്നു. വര്‍ഷങ്ങളോളം ആംബര്‍ഗ്രിസ് തിമിംഗലത്തിന്റെ ശരീരത്തിനുള്ളില്‍ തന്നെ തുടര്‍ന്നേക്കാം. തിമിംഗലത്തിന്റ ഛര്‍ദ്ദി എന്നാണല്ലോ ആംബര്‍ഗ്രിസ് അറിയപ്പെടുന്നത് തന്നെ. അപ്പോള്‍ സ്വാഭാഗികമായും ഛര്‍ദ്ദിയുടെ രൂപത്തിലാണ് ആംബര്‍ഗ്രിസിനെ തിമിംഗലം പുറന്തള്ളുന്നതെന്ന് മനസിലാകുമല്ലോ.

അതേ സമയം, വിസര്‍ജ്യമായാണ് പുറത്ത് കളയുന്നതെന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്. സ്പേം തിമിംഗലങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. അതായത്, ആംബര്‍ഗ്രിസിനെ ഏത് സമുദ്രത്തിലും കണ്ടെത്താൻ സാധിക്കും. കടല്‍ത്തീരങ്ങളില്‍ വന്ന് അടിഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സ്പേം തിമിംഗലങ്ങളുടെ കുടുംബത്തില്‍പ്പെട്ട പിഗ്മി, ഡ്വാര്‍ഫ് സ്പേം തിമിംഗലങ്ങളും വളരെ ചെറിയ തോതില്‍ ആംബര്‍ഗ്രിസ് പുറന്തള്ളുന്നുണ്ടെന്നാണ് കരുതുന്നത്.

ലോകത്ത് 127 കിലോ തൂക്കം വരുന്ന ആംബര്‍ഗ്രിസുകള്‍ വരെ കണ്ടെത്തിയിട്ടുണ്ട്. പെര്‍ഫ്യൂം, സുഗന്ധദ്രവ്യം, മരുന്ന് തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും മറ്റുമായി ആംബര്‍ഗ്രിസുകളെ ഉപയോഗിക്കുന്നു. ആംബര്‍ഗ്രിസില്‍ നിന്ന് ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ അധിഷ്ഠിതമായ ആംബ്രിൻ എന്ന വസ്തു വേര്‍തിരിച്ചെടുക്കുന്നു. പെര്‍ഫ്യൂമുകളിലെ സുഗന്ധം കൂടുതല്‍ കാലം നിലനില്‍ക്കാൻ ഇത് സഹായിക്കുന്നു.

 ഒഴുകുന്ന സ്വര്‍ണം

കടലിന്റെ നിധി, ഒഴുകുന്ന സ്വര്‍ണം തുടങ്ങിയ വിശേഷണങ്ങള്‍ ആംബര്‍ഗ്രിസിനുണ്ട്. ആംബര്‍ഗ്രിസ് ശേഖരിക്കുന്നതിനും വില്ക്കുന്നതിനും ഓരോ രാജ്യങ്ങളില്‍ വ്യത്യസ്ത നിയമങ്ങളാണുള്ളത്. ആംബര്‍ഗ്രിസ് ഉള്‍പ്പെടെ തിമിംഗലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് ഏതാനും രാജ്യങ്ങളില്‍ കുറ്റകരമാണ്. യു.കെയിലും യൂറോപിലും എല്ലാ സ്പീഷിസില്‍പ്പെട്ട തിമിംഗലവും ഡോള്‍ഫിനും നിയമപരമായി സംരക്ഷിക്കപ്പെട്ട വിഭാഗത്തിലാണ്.

അതേ സമയം, കടല്‍ത്തീരങ്ങളില്‍ നിന്ന് സ്വാഭാവികമായി ലഭിക്കുന്ന ആംബര്‍ഗ്രിസ് ശേഖരിക്കുന്നതും വില്ക്കുന്നതും സ്വിറ്റ്സര്‍ലൻഡ്, യു.കെ എന്നിവിടങ്ങളില്‍ നിയമവിധേയമാണ്. ഇന്ത്യയില്‍ സ്പേം തിമിംഗലങ്ങള്‍ സംരക്ഷിത വിഭാഗത്തിലായതിനാല്‍ ആംബര്‍ഗ്രിസ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *