തലസ്ഥാനത്ത് വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് സമീപം സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസിലെ ചന്ദനമരം മോഷണം പോയി.
തിരുവനന്തപുരം: തലസ്ഥാനത്ത് വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് സമീപം സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസിലെ ചന്ദനമരം മോഷണം പോയി.
പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പൊലീസ് കാവലും പട്രോളിങ്ങുമുള്ള റോഡിലൂടെ ആണ് വാഹനത്തില്‍ മരം കടത്തി കൊണ്ടുപോയത്.
ഓഫീസിന്റെ പിറകുവശത്തെ തോട്ടത്തില്‍ നിന്ന മൂന്നു ചന്ദനമരങ്ങളില്‍ ഒന്നാണ് വ്യാഴാഴ്ച രാത്രി കടത്തിയത്. രാത്രി സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും മഴ കാരണം കടത്തിയത് അറിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു. പുറകുവശത്തെ മതിലിനോട് ചേര്‍ത്ത് വാഹനം നിര്‍ത്തിയിട്ട ശേഷം മരം മുറിച്ചു കടത്തിയിരിക്കാമെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. അതേസമയം സുരക്ഷാ ജീവനക്കാരൻ പരാതി എഴുതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
രണ്ടു മാസം മുൻപ് ഫോര്‍ട്ടിലും സമാനരീതിയില്‍ ചന്ദനമരം മോഷണം പോയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചന്ദനമരമാണ് രാത്രി മുറിച്ച് കടത്തിയത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയില്‍ നിന്ന് പൊലീസിന് ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.നഗരത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നു നേരത്തേയും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. ശ്രീകാര്യം മണ്‍വിള റേഡിയോ സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന നാലുചന്ദനമരങ്ങളാണ് മുറിച്ചു കടത്തിയത്. തൊട്ടടുത്ത് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് വളപ്പില്‍ നിന്നു മൂന്നു തവണ ചന്ദന മരം മുറിച്ചു കടത്താനും ശ്രമം നടന്നിരുന്നു.