ആരാധനാലയത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു.
കളമശ്ശേരി: ആരാധനാലയത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു.
ഏലൂര്‍ പാതാളം സാള്‍ട്ട് ആൻഡ് പെപ്പര്‍ ഹോട്ടലിലെ ജീവനക്കാരൻ കൊല്ലം മൈനാഗപ്പിള്ളി മുഹ്സിന മൻസിലില്‍ മുജീബ് റഹ്മാനാണ് (46) വെട്ടേറ്റത്.
പുലര്‍ച്ച അഞ്ചരയോടെയാണ് സംഭവം നടന്നത്. ഹോട്ടലിന് സമീപം കപ്പേളയില്‍ ഹോട്ടല്‍ ഉടമ വിളക്ക് തെളിയിക്കുകയും പാട്ട് വെക്കുകയും ചെയ്ത് ഹോട്ടലിലേക്ക് മടങ്ങി. ഈ സമയം പാട്ട് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഒരാള്‍ ഹോട്ടലില്‍ എത്തുകയും തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലാവുകയായിരുന്നു. ഇതിനിടെ വന്നയാള്‍ കൈയിലെ ബാഗില്‍ കരുതിയ വാക്കത്തിയെടുത്ത് ഹോട്ടല്‍ ഉടമക്ക്നേരെ വീശി. ബഹളംകേട്ട് ഹോട്ടല്‍ ജീവനക്കാരൻ മുജീബ് റഹ്മാനെത്തി തടയാൻ ശ്രമിച്ചു.
ഈ സമയം ജീവനക്കാരന് നേരെയും ഇയാള്‍ വാക്കത്തി വീശുകയും ഒഴിഞ്ഞു മാറുന്നതിനിടെ ജീവനക്കാരന്‍റെ മുതുകിന് വെട്ടേല്‍ക്കുകയുമായിരുന്നു. ഉടനെ ഹോട്ടല്‍ ഉടമ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അക്രമിയില്‍ നിന്നും വാക്കത്തി പിടിച്ചു വാങ്ങുകയും പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തില്‍ അക്രമിയില്‍ നിന്നും ആയുധം പിടിച്ചെടുത്ത ഏലൂര്‍ പൊലീസ് പ്രതിയെ പിടികൂടിയില്ല. അലുപുരത്തെ സ്വകാര്യ കമ്ബനി ജീവനക്കാരനാണ് അക്രമിയെന്നാണ് ഹോട്ടല്‍ ഉടമ അറിയിച്ചത്.