ലാപ്ടോപ്, ടാബ്ലറ്റ്, ചിലയിനം കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ലാപ്ടോപ്, ടാബ്ലറ്റ്, ചിലയിനം കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
സുരക്ഷാകാരണങ്ങള്‍, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചൂണ്ടിക്കാട്ടിയാണു കേന്ദ്രത്തിന്റെ നടപടി. അടിയന്തര പ്രാധാന്യത്തോടെയാണു നിയന്ത്രണം.
പൗരന്മാരുടെ സുരക്ഷ മുൻനിര്‍ത്തിയാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതെന്നും രാജ്യത്ത് ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൗരന്മാര്ക്കു സുരക്ഷിതമായ പരിതസ്ഥിതി ഒരുക്കേണ്ടത് ആവശ്യമാണെന്നും പേരു വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭാവിയില്‍ ഇത്തരം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നവര്‍ കേന്ദ്രത്തിന്റെ ലൈസൻസോ അനുമതിയോ നേടേണ്ടിവരും. ലൈസൻസ് ലഭിക്കാൻ ഒരാള്‍ സ്ഥിരം ഇറക്കുമതി വ്യാപാരിയാകണമെന്നില്ല. ചൈന, കൊറിയ എന്നിവിടങ്ങളില്‍നിന്നുള്ള ഇത്തരം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതിക്കു തടയിടാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നാണു സൂചന.
മൈക്രോ കംപ്യൂട്ടര്‍, ലാര്‍ജ്-മെയിൻഫ്രെയിം കംപ്യൂട്ടര്‍, ചില ഡേറ്റ പ്രോസസിംഗ് മെഷീനുകള്‍ എന്നിവയുടെ ഇറക്കുമതിക്കും നിയന്ത്രണമുണ്ട്. എന്നാല്‍, ലൈസൻസുണ്ടെങ്കില്‍ ഇവ ഇറക്കുമതി ചെയ്യാം.