100 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്ന് ചന്ദ്രയാൻ 3നെ താഴ്ത്തുന്നത് ഏറ്റവും നിര്‍ണായകവും സങ്കീര്‍ണവുമായ ഘട്ടമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാൻ ഇ സോമനാഥ്.
ബംഗളൂരു: 100 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്ന് ചന്ദ്രയാൻ 3നെ താഴ്ത്തുന്നത് ഏറ്റവും നിര്‍ണായകവും സങ്കീര്‍ണവുമായ ഘട്ടമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാൻ ഇ സോമനാഥ്.
“100 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍നിന്ന് ബഹിരാകാശ പേടകം ചന്ദ്രനിലേക്കു നീങ്ങാൻ തുടങ്ങുന്പോള് ഭ്രമണപഥം നിര്‍ണയിക്കുന്ന പ്രക്രിയ വളരെ സങ്കീര്‍ണമാണ്.
പേടകം ഇപ്പോള്‍ ചന്ദ്രനു ചുറ്റും 170 കിലോമീറ്റര്‍ ഉയരത്തില്‍ 4,313 കിലോമീറ്റര്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണുള്ളത്. ഓഗസ്റ്റ് 9, 17 തീയതികളില്‍ അതിനെ 100 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കും. വിക്രം ലാൻഡര്‍ ഓഗസ്റ്റ് 23ന് ചന്ദ്രനില്‍ ഇറക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 100 കി.മീ. ഉയരത്തില്‍ എത്തിക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ താരതമ്യേന എളുപ്പമാണ്. ഭൂമിയില്‍നിന്ന് ലാൻഡറിന്റെ സ്ഥാനം കൃത്യമായി കണക്കാക്കുന്നതില്‍ മാത്രമാണ് പ്രശ്നങ്ങള്‍.
ഈ അളവ് വളരെ നിര്‍ണായകമായ അളവാണ്, ഞങ്ങള്‍ അതിനെ ഭ്രമണപഥം നിര്‍ണയിക്കുന്ന പ്രക്രിയ എന്നു വിളിക്കുന്നു, അതു ശരിയാണെങ്കില്‍, ബാക്കിയുള്ള പ്രക്രിയകള്‍ കൃത്യമായി പൂര്‍ത്തിയാക്കാം. ഇത്തവണ എല്ലാം ശരിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം ഇതുവരെ എല്ലാം കണക്കുകൂട്ടിയതുപോലെതന്നെ സംഭവിക്കുന്നു”- ഐഎസ്ആര്‍ഒ ചെയര്മാൻ പറഞ്ഞു. സോഫ്റ്റ് ലാൻഡിംഗ് വിജയിച്ചാല്‍ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ.
ചന്ദ്രനില്‍ ഒരു ബഹിരാകാശ പേടകം ഇറക്കാൻ ശ്രമിച്ചപ്പോള്‍, 2019 ലെ ദൗത്യമായ ചന്ദ്രയാൻ2ല്‍നിന്നുള്ള അനുഭവം വളരെ ഉപയോഗപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചന്ദ്രന്റെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ചന്ദ്രയാൻ 3 ഭൂമിയിലേക്ക് അയച്ചു തുടങ്ങി. ചാന്ദ്രഭ്രമണപഥത്തിലേക്ക് കടക്കവേ പേടകം പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ചന്ദ്രയാൻ 3ന്റെ ഭ്രമണപഥം ചന്ദ്രനോട് കൂടുതല്‍ അടുത്തുവന്ന ഘട്ടത്തിലാണ് പേടകത്തിലെ യന്ത്രം ജ്വലിപ്പിച്ച് ഭ്രമണപഥത്തിലെത്തിച്ചത്. ലൂണാര്‍ ഓര്‍ബിറ്റ് ഇൻജക്്ഷൻ (എല്‍ഒഐ) വിജയകരമായി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11ന് ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം നടക്കുന്നതിനിടെയാണു ചന്ദ്രയാൻ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.